തൃപ്രയാർ ബസ് സ്റ്റാൻഡ് വാടകക്ക്... നിർമാണം മുടങ്ങിയ തൃപ്രയാർ ബസ് സ്റ്റാൻഡ് ഇനി വാടകക്കും ലഭിക്കും
text_fieldsതൃപ്രയാർ: പുതിയ സ്റ്റാൻഡ് നിർമാണത്തിനായി പൊളിച്ച തൃപ്രയാർ ബസ് സ്റ്റാൻറ് ഇനി വാടകക്കു ലഭിക്കും. നാട്ടിക പഞ്ചായത്ത് ഭരണസമിതി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തു. ഒരു ദിവസത്തെ വാടക 3000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് സമ്മേളനങ്ങൾ നടത്താൻ സ്ഥലമില്ലാതിരിക്കെയാണ് പഞ്ചായത്തു ഭരണസമിതിയുടെ തീരുമാനം. നിലവിലുള്ള സ്ഥലത്തിന്‍റെ പകുതി ഭാഗമാണ് നൽകുക.
മറ്റു ഭാഗം ബസുകൾ പാർക്ക് ചെയ്യാൻ ഉപയോഗിക്കും. ബസ് സ്റ്റാൻഡ് നിർമാണത്തിന് എം.എൽ.എ മുഖേനെ പണം അനുവദിച്ചെങ്കിലും നിർമാണ കമ്പനി കൂടുതൽ ആവശ്യപ്പെട്ടതു നൽകാനാവാതെ പണി തുടങ്ങിയില്ല. മുൻ ഭരണസമിതി ഇതിനു മുമ്പേ തന്നെ ഉണ്ടായിരുന്ന കെട്ടിടവും യാഡുകളും പൊളിച്ച് സ്ഥലം നിരത്തി. ശൗചാലയം പോലുമില്ലാതെ യാത്രക്കാർ വലയുകയാണ്.
ബസ് സ്റ്റാൻഡ് മണ്ണെടുപ്പിൽ അഴിമതി ആരോപിച്ചും നിർമാണം വൈകുന്നതിലും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചവരാണ് പുതിയ ഭരണസമിതി നേതൃത്വം. നിർമാണം ആരംഭിക്കുവാൻ എം.എൽ.എയുമായി ചേർന്ന് വകുപ്പുമന്ത്രിയുമായി നിരന്തര ശ്രമങ്ങൾ നടത്തിവരികയാണ് പഞ്ചായത്ത് ഭരണസമിതി. സ്റ്റാൻഡ് നവീകരിക്കുന്നതിന് രണ്ടു ബജറ്റിലായി എട്ടു കോടി രൂപ സർക്കാർ നേരത്തേ നീക്കിവെച്ചിരുന്നു.
മൂന്നര വർഷം മുൻപ് നിർമ്മാണം തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഒന്നര വർഷം കൊണ്ട് പൂർത്തീകരിക്കുമെന്ന വാഗ്ദാനവും നൽകി. ദേശീയപാത 66 ലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ തൃപ്രയാറിൽ ആയിരക്കണക്കിന് പേരാണ് ദിവസേന ബസ് സ്റ്റാൻറിലെത്തുന്നത്.
ശൗചാലയമോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇല്ല എന്നതും യാത്രക്കാരെയും ബസ് ജീവനക്കാരെയും വലക്കുന്നു. പൊതുയോഗം നടത്തുന്നതിന് പന്തൽ കെട്ടുന്ന സമയത്തും യോഗം നടക്കുന്ന സമയത്തും ബസുകൾ എവിടേക്കു മാറ്റുമെന്ന ആശങ്കയിലുമാണ് ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

