മൂന്ന് വർഷം, അഞ്ച് വീട്; മാതൃകയായി മജ്ലിസുന്നൂർ കമ്മിറ്റി
text_fieldsചിറക്കൽ മഹല്ല് മജ്ലിസുന്നൂർ കമ്മിറ്റി നിർമിച്ചു നൽകുന്ന
അഞ്ചാമത്തെ വീട്
കയ്പമംഗലം: മൂന്ന് വർഷംകൊണ്ട് അഞ്ച് നിർധന കുടുംബങ്ങൾക്ക് ഭവനമൊരുക്കി ചെന്ത്രാപ്പിന്നി ചിറക്കൽ മഹല്ല് മജ്ലിസുന്നൂർ കോഓഡിനേഷൻ കമ്മിറ്റി. ബൈത്തുന്നൂർ ഭവനപദ്ധതിയിലുൾപ്പെടുത്തിയാണ് വീട് നിർമിച്ചുനൽകുന്നത്.
ചെന്ത്രാപ്പിന്നി, കയ്പമംഗലം മേഖലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന സംഘടനയാണ് ചിറക്കൽ മഹല്ല് മജ്ലിസുന്നൂർ കോഓഡിനേഷൻ കമ്മിറ്റി. 2019 ലാണ് ബൈത്തുന്നൂർ എന്ന പേരിൽ ആദ്യ വീട് നിർമിച്ച് നൽകിയത്. ചിറക്കൽ മഹല്ലിലെ ഭവനരഹിതരായ അഞ്ച് പേർക്കാണ് മൂന്ന് വർഷത്തിനിടെ വീട് നൽകിയത്. ഏകദേശം ഒമ്പത് ലക്ഷം രൂപ വരെ െചലവിട്ട് 600 മുതൽ 650 വരെ ചതുരശ്ര അടിയുള്ള വീടുകളാണ് നിർമിച്ച് നൽകിയത്. നാല് മാസംകൊണ്ടാണ് ഓരോ വീടിന്റെയും പണി പൂർത്തീകരിച്ചത്. പ്രവാസികളും നാട്ടിലെ സുമനസ്സുകളുമാണ് സഹായം നൽകുന്നത്. പ്രവാസിയും ബൈത്തുന്നൂർ ചെയർമാനുമായ ഷുക്കൂർ പുളിന്തറയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. രണ്ട് കുടുംബങ്ങൾക്ക് മൂന്ന് സെന്റ് സ്ഥലവും കമ്മിറ്റി നൽകിയിരുന്നു. കൂടാതെ ചികിത്സ സഹായം, ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി നിരവധി പ്രവർത്തനങ്ങളും മജ്ലിസുന്നൂർ കോഓഡിനേഷൻ കമ്മിറ്റി നടത്തിവരുന്നുണ്ട്.
അഞ്ചാമത്തെ വീടിന്റെ താക്കോൽദാനം ഈ മാസം 28ന് നടക്കും. രാവിലെ 10.30ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ താക്കോൽ സമർപ്പണം നടത്തും. ഇതോടൊപ്പം മജ്ലിസുന്നൂർ വാർഷികവും സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

