പെരുമ്പിലാവിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു
text_fieldsപെരുമ്പിലാവിൽ അപകടത്തിൽപെട്ട ലോറി അപകടത്തിൽപെട്ട കാറുകൾ
പെരുമ്പിലാവ്: സംസ്ഥാനപാതയിൽ പെരുമ്പിലാവ് അൻസാർ ആശുപത്രിക്ക് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. മിനിലോറി ഡ്രൈവർക്ക് പരിക്കേറ്റു. ആലുവ ചന്ദ്രാലയം വീട്ടിൽ ദാസനാണ് (46) കൈക്ക് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. കോട്ടക്കൽ ആയുർവേദ ശാലയിലെ ഡോ. സുരേഷിന്റെ കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് മിനിലോറി ഉൾപ്പെടെ രണ്ട് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മിനിലോറി റോഡിൽ തലകീഴായി മറിഞ്ഞു. ആലുവയിൽനിന്ന് പുട്ടുപൊടിയുമായി കണ്ണൂരിലേക്ക് പോവുകയായിരുന്നു മിനിലോറി. ഡോ. സുരേഷ് കോട്ടക്കലിൽനിന്ന് തൃശൂരിലേക്ക് വരികയായിരുന്നു.
നിയന്ത്രണംവിട്ട കാർ എതിർദിശയിൽനിന്ന് വന്ന ലോറിയിലും മറ്റൊരു കാറിലുമാണ് ഇടിച്ചത്. ഈ കാറിൽ സഞ്ചരിച്ച തൃശൂർ സ്വദേശി സുരേഷും ഭാര്യയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡോ. സുരേഷിന്റെ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയവരാണ് ഡോക്ടറെ കാറിനുള്ളിൽനിന്ന് രക്ഷപ്പെടുത്തിയത്. ഡോക്ടർ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. സംഭവത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

