കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്ന് ഭരണസമിതി അംഗങ്ങൾ കൂടി അറസ്റ്റിൽ
text_fieldsഎൻ. നാരായണൻ, എം.ബി. ദിനേശ്, എ. മുഹമ്മദ് അസ്ലം
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്ന് ഭരണസമിതി അംഗങ്ങൾ കൂടി അറസ്റ്റിൽ. സി.പി.എം നേതാക്കളായ എം.ബി. ദിനേശ്, എൻ. നാരായണൻ, എ. മുഹമ്മദ് അസ്ലം എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തിന് മുമ്പാകെ ഇവർ കീഴടങ്ങുകയായിരുന്നു. ബാങ്ക് പ്രസിഡൻറ് ഉൾപ്പെടെ നാലുപേർ നേരേത്ത അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യപ്രതി കിരണും ഭരണസമിതിയംഗങ്ങളും ഉൾപ്പെടെ നാലുപേരെ കൂടി പിടികൂടാനുണ്ട്.
കിരണിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ക്രമക്കേട് അറിഞ്ഞിട്ടും ഉദ്യോഗസ്ഥർക്ക് അതിനായി സൗകര്യമൊരുക്കിയെന്നും നടപടിയെടുത്തില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഭരണസമിതിയംഗങ്ങളെ പ്രതി ചേർത്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

