കാട്ടുപന്നിയെ വേട്ടയാടി മാംസം വിറ്റ കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
വരവൂർ: കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപന നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് കാഞ്ഞിരക്കോട് സ്വദേശികളായ വടക്കൻവീട്ടിൽ മിഥുൻ (30), മങ്കാത്ത് വീട്ടിൽ ശിവൻ (54), മനവളപ്പിൽ വീട്ടിൽ കെ.എം. മുരളീധരൻ (65) എന്നിവരെ ഫോറസ്റ്റ് ഓഫിസർ ബി. അശോക് രാജിന്റെ നേതൃത്വത്തിലുള്ള വനപാലകർ അറസ്റ്റ് ചെയ്തത്.
പന്നിവേട്ടയുമായി ബന്ധപ്പെട്ട് ദേശമംഗലം പല്ലൂർ സ്വദേശി കിഴക്കേതിൽ വീട്ടിൽ മുഹമ്മദ് മുസ്തഫയെ നേരത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികൾ അറസ്റ്റിലായത്. അറസ്റ്റിലായ മിഥുൻ കാഞ്ഞിരക്കോട് സെൻററിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. മുരളീധരൻ കേരള വെറ്ററിനറി സർവകലാശാലയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. പ്രതികളെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി.
അന്വേഷണ സംഘത്തിൽ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർമാരായ മുജീബ്, ഗണേഷ് കുമാർ, സെഷൻ ഫോറസ്റ്റ് ഓഫീസർ വി.ആർ. അനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.പി. സൈജൻ, സുമേഷ്, അലസ്റ്റിൻ തോമസ്, പ്രവീൺ, ഹക്കീം, റഹീം, ഷിഫ്ന, വർഗീസ് എന്നിവരും ഉണ്ടായിരുന്നു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഇനിയും ഉണ്ടാകുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

