തോട്ടുമുഖം സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതി -മന്ത്രി
text_fieldsആമ്പല്ലൂർ: തോട്ടുമുഖം സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 18 കോടി ചെലവിൽ നിർമിച്ച വരന്തരപ്പിള്ളി തോട്ടുമുഖം ജലസേചന പദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി 40 ലക്ഷം നൽകുമെന്ന് മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ജലസേചന പദ്ധതികൾ മെച്ചപ്പെടുത്തി കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷൻ പള്ളി ഹാളിൽ നടന്ന ചടങ്ങിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത സുധാകരൻ, പ്രിൻസൺ തയ്യാലക്കൽ, ടി.എസ്.ബൈജു, സുന്ദരി മോഹൻദാസ്, പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇ.കെ.സദാശിവൻ, ടെസ്സി വിത്സൻ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
നെന്മണിക്കര, തൃക്കൂർ, അളഗപ്പനഗർ, പുതുക്കാട്, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ 620 ഹെക്ടർ ആയക്കെട്ട് പ്രദേശത്തെ ജലസേചന, കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്ന പദ്ധതിയാണ് നാടിന് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

