നാലുപേരുടെ ജീവനെടുത്ത ജലദുരന്തം ഇതാദ്യം; ഈ വർഷം 89 മരണം
text_fieldsകൈനൂർ ചിറ
തൃശൂർ: പീച്ചിയിൽനിന്നുള്ള അടിയൊഴുക്ക്. പുത്തൂർ പുഴയിൽനിന്ന് ചിറയിലേക്കുള്ള തടയണക്കടിയിൽ ഒളിച്ചിരിക്കുന്ന കെണി. ജീവിതം തുടങ്ങുംമുമ്പ് കൈനൂർ ചിറയിൽ നാല് ജീവനുകളെടുത്തത് ചിറയിലെ ‘കയം’. 20 അടിയോളം താഴ്ചയുള്ള കയം കെണിയാണ്. ഇതിനിടയിൽ പാറക്കെട്ടുകളും. നീന്തലറിയാവുന്നവർ പോലും ഈ കയത്തിൽപ്പെട്ടാൽ രക്ഷപ്പെടുക പ്രയാസമെന്ന് തൃശൂർ അഗ്നിരക്ഷ നിലയത്തിലെ മുങ്ങൽ വിദഗ്ധർ പറയുന്നു.
സങ്കടകരമായ കാഴ്ചയെന്നാണ് രക്ഷപ്രവർത്തനം നടത്തിയ അഗ്നിരക്ഷസേനാംഗങ്ങൾ പറഞ്ഞത്. നാലുപേരുടെ ജീവനെടുത്ത ജലദുരന്തം ജില്ലയിൽ ഇതാദ്യമാണ്. കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് പൂത്തൂരിന് സമീപം പീച്ചി റിസർവോയർ ആനവാരിയിൽ മൂന്നു യുവാക്കളുടെ ജീവനെടുത്ത അപകടമുണ്ടായത്. അതിനും ഒരു മാസം മുമ്പ് കണിമംഗലം പനമുക്ക് കോൾപടവിൽ വഞ്ചി മറിഞ്ഞ് രണ്ടുപേരും മരിച്ചു. ഈ വർഷം ഇതുവരെ ജില്ലയിലുണ്ടായ മുങ്ങിമരണങ്ങൾ നൂറോളമാണ്. അഗ്നിരക്ഷസേനയുടെ കണക്കിൽ മാത്രം 89 ആണ്. ഈ വർഷം ജനുവരി മുതൽ തിങ്കളാഴ്ച പുത്തൂർ കൈനൂരിലുണ്ടായ അപകടം വരെയാണിത്.
അതേസമയം, വെള്ളക്കെട്ടിലും ചാലിലും വീണുണ്ടായതും രക്ഷപ്രവർത്തനത്തിനു ശേഷം പിന്നീട് ചികിത്സയിലിരിക്കെയുണ്ടായ മരണങ്ങളും ഈ കണക്കിലില്ല. മുങ്ങിമരണങ്ങളിൽ അധികവും വിദ്യാർഥികളാണെന്നത് പുതിയ കണക്കല്ല. തിങ്കളാഴ്ചയിലെ ദുരന്തവും യൗവനത്തിലേക്ക് ചുവട് വെച്ചവരാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ മുങ്ങിമരണങ്ങളുണ്ടായിരിക്കുന്നത് തീരദേശമേഖലയായ കൊടുങ്ങല്ലൂരിലാണ്. ഈ വർഷം ഇതുവരെ 12 പേർ ജലാശയങ്ങളിൽ വീണ് മരിച്ചു. നാട്ടിക നിലയമാണ് തൊട്ടു പിന്നിൽ. 2022ൽ 10 പേർ ജലാശയങ്ങളിൽ മരിച്ചപ്പോൾ ഈ വർഷം ഇതുവരെ എട്ടുപേർ മരിച്ചു. കിണറിൽ വീണുള്ള മുങ്ങിമരണങ്ങളിൽ മുന്നിൽ കുന്നംകുളമാണ്. കഴിഞ്ഞ വർഷം 10 പേർ മരിച്ചപ്പോൾ, ഈ വർഷം ഇതിനകം 10 പേർ മരിച്ചു.
2023ലെ മുങ്ങി മരണം (അഗ്നിരക്ഷസേനയുടെ കണക്ക്)
നാട്ടിക നിലയം
ജലാശയ അപകടം -8
കിണർ അപകടം -9
പുതുക്കാട്
ജലാശയ അപകടം -3
കിണർ അപകടം -1
ഗുരുവായൂർ
ജലാശയ അപകടം -2
കിണർ അപകടം -1
മാള
ജലാശയ അപകടം -3
കിണർ അപകടം -3
ഇരിങ്ങാലക്കുട
പുഴയിൽ മരണം -3
കിണർ, കുളം മരണം -5
കുന്നംകുളം
ജലാശയ അപകടം -2
കിണർ അപകടം -10
കൊടുങ്ങല്ലൂർ
കിണർ -3
പുഴ -12
ചാലക്കുടി
ജലാശയ അപകടം -9
കിണർ അപകടം -2
തൃശൂർ
ജലാശയ അപകടം -8
കിണർ -2
പുഴ, കുളം -3
മന്ത്രി കെ. രാജൻ അനുശോചിച്ചു
തൃശൂർ: കൈനൂർ ചിറയിൽ മുങ്ങിമരിച്ച വിദ്യാർഥികളുടെ നിര്യാണത്തിൽ റവന്യൂ മന്ത്രി കെ. രാജൻ അനുശോചിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം മന്ത്രി സന്ദർശിച്ചു. നാടിന് വലിയ ഞെട്ടലാണ് ഉണ്ടായിരിക്കുന്നതെന്നും വലിയ ദുരന്തമായിപോയി അപകടമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാവിലെ 8.30ന് തന്നെ ഇൻക്വസ്റ്റ് നടത്തുന്നതിനായുള്ള എല്ലാവിധ ക്രമീകരണങ്ങളും കലക്ടർ, ആരോഗ്യ വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. കലക്ടർ വി.ആർ. കൃഷ്ണതേജ, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. രജിത്ത്, ജില്ല പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, തഹസിൽദാർ ടി. ജയശ്രീ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

