ദിവാൻജിമൂലയിൽ ഒരാഴ്ചക്കിടെ മൂന്നാമത്തെ കൊലപാതക ശ്രമം
text_fieldsതൃശൂർ: ദിവാൻജിമൂലയിൽ കഴിഞ്ഞദിവസം യുവാവിന് വെട്ടേറ്റ സംഭവത്തിലെ പ്രതിയെ മണിക്കൂറുകൾക്കകം പൊലീസിന് പിടികൂടാനായെങ്കിലും ഒരാഴ്ചക്കിടയിൽ ഇവിടം കേന്ദ്രീകരിച്ചുള്ള മൂന്നാമത്തെ കൊലപാതക ശ്രമമാണിത്.
കെ.എസ്.ആർ.ടി.സി, റെയിൽവേ സ്റ്റേഷൻ തുടങ്ങി നഗരത്തിന്റെ ഹൃദയഭാഗമായ ദിവാൻജിമൂല-പൂത്തോൾ കേന്ദ്രീകരിച്ച് വൻ ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന സ്ഥിരീകരണമാണ് ഇക്കഴിഞ്ഞ സംഭവങ്ങളിൽ പ്രകടമായത്.
ആദ്യസംഭവമുണ്ടായിട്ടും നിരീക്ഷണമോ പട്രോളിങ്ങോ ശക്തമാക്കാതിരുന്നതാണ് തുടർച്ചയായി മേഖലയിൽ സംഘർഷമുണ്ടാകാൻ കാരണം. കഴിഞ്ഞ ആഴ്ചയിലെ ആദ്യ കൊലപാതക സംഭവത്തിൽ 15കാരൻ ഉൾപ്പെടെയുള്ള പ്രദേശവാസിയടക്കമാണ് പ്രതികളെങ്കിൽ ശനിയാഴ്ച രാത്രി അന്തർസംസ്ഥാനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് തിരുവനന്തപുരം കുര്യാത്തി സ്വദേശിയാണ്.
യുവാവിനെ വെട്ടിയിട്ട് കടന്നുകളഞ്ഞ ഇയാളെ രാത്രി തന്നെ പൊലീസ് പിടികൂടിയത് അടുത്തിടെ ജയിൽ മോചിതരായ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്. സ്ഥിരം കുറ്റവാളിയായ മഹേഷ് പോക്കറ്റടി, പിടിച്ചുപറി ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. ബ്ലേഡ് മുറിച്ച് വായിലിട്ട് നടക്കുന്ന കുപ്രസിദ്ധിയുമുണ്ട്. ജയിൽ മോചിതനായിട്ട് ഒരാഴ്ചയായിട്ടില്ല.
തൃശൂർ നഗരത്തിലെ സൗജന്യ ഭക്ഷണം കഴിച്ച് സുഖവാസം. മദ്യപിക്കാനുള്ള കാശിനാണ് കവർച്ച. നടന്നുവരുകയായിരുന്ന ആന്ധ്ര സ്വദേശി ബോയ രാമകൃഷ്ണയെയും പിടിച്ചുപറിക്കിടയിലുള്ള തർക്കത്തിനിടെയാണ് വെട്ടിയത്. കഴുത്തിന് വെട്ടേറ്റ ബോയ മെഡിക്കൽ കോളജ് ആശുപത്രിയില് ചികിത്സയിലാണ്.
സംഭവം പുറത്തുവന്നതിന് പിന്നാലെ വെസ്റ്റ് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. അടുത്തിടെ ജയിൽമോചിതരായവരിൽ മഹേഷുണ്ടായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും മഹേഷെന്ന് ഉറപ്പിച്ചു. നഗരത്തിൽനിന്ന് തന്നെ മഹേഷിനെ പിടികൂടി. ഞായറാഴ്ച വൈകീട്ടോടെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മൂന്ന് സംഭവത്തിലും വൈകാതെ തന്നെ പ്രതികളെ വലയിലാക്കാൻ പൊലീസിനായി എന്നത് ആശ്വാസകരമാണെങ്കിലും ആക്രമണങ്ങൾ ആവർത്തിക്കുന്നത് പൊലീസിന്റെ ജാഗ്രത കുറവ് മൂലമാണെന്ന വിമർശനം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

