റോഡില്ല; കാലൊടിഞ്ഞ തൊഴിലുറപ്പ് തൊഴിലാളിയെ ആശുപത്രിയിൽ എത്തിച്ചത് 400 മീറ്റർ വീൽചെയറിൽ ഇരുത്തി
text_fieldsകാലൊടിഞ്ഞ തൊഴിലുറപ്പ് തൊഴിലാളിയെ വീൽചെയറിൽ ഇരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
വാടാനപ്പള്ളി: റോഡും യാത്രസൗകര്യവുമില്ലാത്തതിനാൽ കാലൊടിഞ്ഞ തൊഴിലുറപ്പ് തൊഴിലാളിയെ ആശുപത്രിയിൽ എത്തിച്ചത് വീൽചെയറിൽ ഇരുത്തി 400 മീറ്റർ താണ്ടി. ഏങ്ങണ്ടിയൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ കോറൊട്ട് സുകുമാരന്റെ ഭാര്യ രാധയുടെ കാലാണ് ഒടിഞ്ഞത്.
ചൊവ്വാഴ്ച തൊഴിലുറപ്പ് തൊഴിലിനായി പോകുന്നതിനിടെ തൂമ്പൻതറ കോളനി പരിസരത്താണ് സംഭവം. ഇവിടേക്ക് റോഡിനായി ജനം 14 അടി വീതിയിൽ പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുത്തിട്ട് വർഷങ്ങളായി. എന്നാൽ, ഏറ്റെടുത്ത് നന്നാക്കാത്തതിനാൽ ചളി നിറഞ്ഞ ഇതുവഴി പോകാൻ നിർവാഹമില്ല. യാത്രസൗകര്യമില്ലാത്തതിനാൽ 30 മിനിറ്റോളം രാധ വഴിയിൽത്തന്നെ കിടന്നു. തുടർന്ന് വീൽചെയറിൽ എത്തിച്ച് ആംബുലൻസിൽ കയറ്റി ചേറ്റുവ ടി.എം ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് തൃശൂർ അശ്വനി ആശുപത്രിയിലേക്ക് മാറ്റി. റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ മേഖലയിൽ താമസിക്കുന്നവർ ദുരിതത്തിലാണ്.

