സ്വരാജ് റൗണ്ടിൽ വെളിച്ചമായപ്പോൾ തേക്കിൻകാടിനെ ‘ഇരുട്ടിലാക്കി’
text_fieldsതൃശൂർ: ആധുനിക എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ച് സ്വരാജ് റൗണ്ടിനെ വെള്ളിവെളിച്ചത്തിലാക്കിയപ്പോൾ തൃശൂരിന്റെ സിഗ്നേച്ചർ തേക്കിൻകാട് മൈതാനം ഇരുട്ടിൽ. തേക്കിൻകാടിന് വെളിച്ചമേകിയിരുന്ന വൈദ്യുതി ലൈറ്റുകൾ കോർപറേഷൻ അഴിച്ചുമാറ്റിയതോടെയാണ് ഇരുട്ടിലായത്.
അഞ്ചിടങ്ങളിലുള്ള ഹൈമാസ്റ്റ് ലൈറ്റുകളുടെ വെളിച്ചം മാത്രമാണ് നിലവിൽ തേക്കിൻകാട്ടിലുള്ളത്. അവക്കാകട്ടെ ഉയരക്കൂടുതലും പരിപാലന വീഴ്ചയും മൂലം വെളിച്ചക്കുറവുണ്ട്. പന്തലിച്ച മരങ്ങൾ തടസ്സപ്പെടുത്തുന്നതിനാൽ വെളിച്ചം താഴേക്ക് ലഭിക്കില്ല.
തേക്കിൻകാടിലൂടെ ക്ഷേത്രത്തിലേക്കും മറ്റിടങ്ങളിലേക്കും സ്ത്രീകളടക്കം നിരവധിയാളുകളാണ് വൈകുന്നേരങ്ങളിലടക്കം കടന്നുപോകുന്നത്. വൈകീട്ടും പുലർകാലത്തും തേക്കിൻകാട്ടിൽ നടക്കാനും നിരവധിയാളുകൾ എത്തും.
സ്വരാജ് റൗണ്ടിൽ ഔട്ടർ ഫുട്പാത്തിലാണ് കോർപറേഷൻ ആധുനിക എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചത്. പുതിയ ലൈറ്റുകൾ സ്ഥാപിച്ചതോടെ സ്വരാജ് റൗണ്ട് വെളിച്ച സമൃദ്ധമായി. 150 ഓളം പുതിയ ലൈറ്റുകളാണ് റൗണ്ടിൽ സ്ഥാപിച്ചത്.
എന്നാൽ തേക്കിൻകാട്ടിലേക്ക് വെളിച്ചം ലഭിക്കില്ല. തേക്കിൻകാട്ടിലേക്ക് കൂടി വെളിച്ചം ലഭിക്കുമെന്ന നിലയിലായിരുന്നു ഇവ സ്ഥാപിച്ചത്. അതനുസരിച്ചാണ് തേക്കിൻകാട്ടിലെ മറ്റ് ലൈറ്റുകൾ അഴിച്ചെടുത്തത്. തേക്കിൻകാടിനോട് ചേർന്ന ഭാഗത്ത് തെരുവ് വിളക്ക് സ്ഥാപിക്കേണ്ടത് കൊച്ചിൻ ദേവസ്വം ബോർഡാണെന്നാണ് കോർപറേഷന്റെ വാദം.
എന്നാൽ തേക്കിൻകാട്ടിൽ നിലവിലുണ്ടായിരുന്ന ലൈറ്റുകൾ കോർപറേഷൻ അഴിച്ചത് കഴിഞ്ഞ ദിവസമാണ് ബോർഡിന്റെ ശ്രദ്ധയിൽപെട്ടത്. എന്നാൽ വിളക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ബോർഡ് സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

