ക്ഷേത്രങ്ങളിൽ മോഷണം: മൂന്നുപേർ അറസ്റ്റിൽ
text_fieldsകാട്ടൂർ: മേഖലയിൽ ക്ഷേത്രങ്ങളിൽനിന്ന് ദീപസ്തംഭങ്ങൾ, ഓട്ടുവിളക്കുകൾ തുടങ്ങിയവ മോഷണം നടത്തിയിരുന്ന പ്രതികൾ അറസ്റ്റിലായി. പൊഞ്ഞനം സ്വദേശികളായ കണ്ടനാത്തറ രാജേഷ് (50), ഇരിങ്ങാത്തുരുത്തി സാനു (36), വെള്ളാഞ്ചേരി വീട്ടിൽ സഹജൻ (49) എന്നിവരെയാണ് റൂറൽ എസ്.പി ഐശ്വര്യ ഡോങ്ഗ്രേക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജുകുമാർ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, കാട്ടൂർ എസ്.ഐ വി.പി. അരിസ്റ്റോട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ഈ മാസം 20ന് പുലർച്ചയാണ് പൊഞ്ഞനത്ത് നീരോലി, മതിരമ്പിള്ളി കുടുംബ ക്ഷേത്രങ്ങളിൽനിന്നായി ഒരു ലക്ഷം രൂപ വിലമതിക്കുന്ന ദീപസ്തംഭങ്ങൾ മോഷണം പോയത്. ഈ കേസിലാണ് മൂന്നുപേരും അറസ്റ്റിലായത്. ഒന്നാം പ്രതി രാജേഷും രണ്ടാം പ്രതി സാനുവുമാണ് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയിരുന്നത്. സംഭവം അറിഞ്ഞ ഉടനെ അന്വേഷണം നടക്കുന്നതിനിടയിൽ ഓട്ടോ ടാക്സിയിൽ ഒരു സംഘം വിളക്കുകൾ വിൽപനക്കായി കൊണ്ടുനടക്കുന്ന വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് ഓട്ടോ ടാക്സി കണ്ടെത്തി ഡ്രൈവർ സഹജനെ ചോദ്യം ചെയ്തതോടെ മറ്റു പ്രതികളെയും പൊലീസ് സംഘം പിടികൂടുകയായിരുന്നു. ആദ്യം സംഭവം നിഷേധിച്ച പ്രതികൾ പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. മോഷണ മുതലുകൾ രാജേഷിന്റെ പറമ്പിൽ പല സ്ഥലങ്ങളിലായി കുഴിച്ചിട്ട നിലയിലായിരുന്നു. ഇവയെല്ലാം കണ്ടെടുത്തിട്ടുണ്ട്. മോഷണത്തെ തുടർന്ന് പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് മുൻ കളവ് കേസിലെ പ്രതികൾ, ആക്രി വിൽപനക്കാരടക്കമുള്ളവർ എന്നിവരെ നിരീക്ഷിച്ച് വ്യാപകമായ അന്വേഷണമാണ് നടത്തിയത്. എസ്.ഐ ബെനഡിക്, എ.എസ്.ഐമാരായ ഹരിഹരൻ, പ്രസാദ്, കെ. അജയ്, സീനിയർ സി.പി.ഒ കെ.വി. ഫെബിൻ, ഇ.എസ്. ജീവൻ, സോണി സേവ്യർ, പി.വി. വികാസ്, ശബരി കൃഷ്ണൻ, ഷമീർ, ജെയ്മോൻ, സതീഷ് കുമാർ, ടി.സി. പ്രതോഷ്, കിരൺരഘു എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
പത്താഴക്കാട് മോഷണം: പൊലീസ് പരിശോധന നടത്തി
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പത്താഴക്കാട്ട് മോഷണം നടന്ന വീട്ടിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മുള്ളൻബസാർ പത്താഴക്കാട് റോഡിൽ കാട്ടകത്ത് ബാജു റഹ്മാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവൻ സ്വർണം കവരുകയായിരുന്നു.
വീട്ടിലെ സി.സി.ടി.വി കാമറകൾ ദിശ മാറ്റിയ നിലയിലാണ്. വീടിന്റെ മുൻവാതിലും പിറകുവശത്തെ വാതിലും കുത്തിത്തുറന്ന നിലയിലാണ്. നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡി.വി.ആറും മോഷ്ടാവ് കൊണ്ടുപോയി.
ഇരിങ്ങാലക്കുടയിൽനിന്നെത്തിയ കെ നയൻ ഡോഗ് സ്ക്വാഡിലെ സ്റ്റെല്ല എന്ന പൊലീസ് നായ് മണംപിടിച്ച് റോഡ് വരെ പോയ ശേഷം മടങ്ങിവന്നു. വിരലടയാള പരിശോധനയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു. ബാജു റഹ്മാനും കുടുംബവും ദുബൈയിലാണ് താമസം. ശനിയാഴ്ച വൈകീട്ട് ചെടികൾ നനക്കാനെത്തിയ വീടു സൂക്ഷിപ്പുകാരൻ രാധാകൃഷ്ണനാണ് മോഷണം നടന്നത് ആദ്യമറിഞ്ഞത്.
തുടർന്ന് മതിലകം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

