അടഞ്ഞുകിടന്ന വീട്ടിൽനിന്ന് 15 പവനും 10,000 രൂപയും മോഷണം പോയി
text_fieldsകവർച്ച നടന്ന വീട്ടിലെ അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ
പെരുമ്പിലാവ്: കല്ലുംപുറത്ത് വീണ്ടും മോഷണം. അടഞ്ഞുകിടന്ന വീട്ടിൽനിന്ന് 15 പവനും 10,000 രൂപയുമാണ് നഷ്ടപ്പെട്ടത്. കല്ലുംപുറത്ത് അടിമനയില്ലത്ത് നാരായണൻ നമ്പൂതിരിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ചൊവ്വാഴ്ച രാത്രി മനക്കുള്ളിലെ മുറിയിൽ അലമാരക്കുള്ളിലെ അറയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്.
സമീപത്തുതന്നെയാണ് അലമാരയുടെ താക്കോലും സൂക്ഷിച്ചിരുന്നത്. അത് ഉപയോഗിച്ച് തുറന്നാണ് കവർച്ച നടന്നിട്ടുള്ളത്. നാരായണൻ നമ്പൂതിരി സമീപത്തെ കുളത്തിൽ കുളിക്കാൻ പോകുന്ന സമയത്ത് മുന്നിലുള്ള വാതിൽ തുറന്നിട്ടതായി പറയുന്നു. ആ തക്കത്തിലാകും മോഷ്ടാവ് വീടിനകത്തേക്ക് കയറിയതെന്ന് കരുതുന്നു. മണിക്കൂറുകൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അലമാര തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. പരാതിയെ തുടർന്ന് കുന്നംകുളം പൊലീസ്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കല്ലുംപുറത്ത് മൂന്ന് മാസത്തിനുള്ളിൽ മൂന്നാം തവണയാണ് മോഷണം നടക്കുന്നത്. കച്ചവട സ്ഥാപനങ്ങളിലാണ് കഴിഞ്ഞ രണ്ട് തവണയും മോഷണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

