തലശ്ശേരി മോഷണം: പ്രതികൾ അടുത്തറിയാവുന്നവരെന്ന്
text_fieldsചെറുതുരുത്തി: ദേശമംഗലം തലശ്ശേരിയിൽ തുമ്പിപ്പുറത്ത് വീട്ടിൽ വയോധിക ദമ്പതികളായ വിശ്വംഭരെൻറയും ശാന്തകുമാരിയുടെയും വീട്ടിൽ പകൽ മോഷണം നടത്തിയത് അടുത്തറിയാവുന്നവരെന്ന് സൂചന. സമീപ പ്രദേശത്തെ സി.സി.ടി.വി കാമറ നശിപ്പിക്കലും ഇതിെൻറ ഭാഗമാകുമെന്നാണ് പൊലീസിെൻറ നിഗമനം. സംശയമുള്ള ആളുകളെ ചോദ്യം ചെയ്തു വരുകയാണ്.
തലശ്ശേരി പ്രദേശങ്ങളിൽ ഇത് ആദ്യമായല്ല വീടുകളിൽ മോഷണം. കഴിഞ്ഞ വർഷം തലശ്ശേരി സ്വദേശി മൊയ്തീൻ കുട്ടിയുടെ വീട്ടിൽനിന്ന് 15 പവനും അന്നുതന്നെ അയൽവാസി നാസറിെൻറ വീട്ടിൽനിന്ന് രണ്ട് പവെൻറ കൈചെയിനും മോഷണം പോയിരുന്നു. ഒരു മാസത്തിനു ശേഷം അബൂബക്കർ മാസ്റ്ററുടെ വീട്ടിൽനിന്ന് 12 പവൻ സ്വർണാഭരണവും സ്വകാര്യ വ്യക്തിയുടെ കുടുംബക്ഷേത്രത്തിൽ വിഗ്രഹത്തിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയും ഭണ്ഡാരപ്പെട്ടിയിലെ പണവും സമീപ പ്രദേശത്തെ അന്തിമഹാകാളൻ ക്ഷേത്രത്തിൽനിന്ന് ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന തുകയും മോഷ്ടിച്ചിരുന്നു.
ഉന്നത സംഘം പരിശോധിച്ചു
ചെറുതുരുത്തി: പട്ടാപ്പകൽ മോഷണം നടന്ന ദേശമംഗലത്തെ വീട്ടിൽ ഉന്നത പൊലീസ് സംഘം പരിശോധന നടത്തി. ദേശമംഗലം തലശ്ശേരി ബനാത്ത് യതീംഖാനക്ക് സമീപം തുമ്പിപ്പുറത്ത് വിശ്വംഭരെൻറ വീട്ടിലാണ് ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരെത്തി പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ തൃശൂർ ഡോഗ് സ്ക്വാഡിലെ ജിപ്സി എന്ന നായും ഫോറൻസിക് ഓഫിസർ ഷാരോ ഗീത് വിൻസൻറ്, വിരലടയാള വിദഗ്ധൻ യു. രാമദാസ് തുടങ്ങിയവരാണ് പരിേശാധന നടത്തിയത്.
വീട്ടിനകത്തുനിന്ന് മണം പിടിച്ച നായ് അടുക്കളയുടെ പിൻഭാഗത്തൂടെ ഓടി സമീപത്തുള്ള മതിൽ കെട്ടിയ സ്ഥലത്ത് നിന്നു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ ഉടൻ പിടികൂടുമെന്ന് ചെറുതുരുത്തി സി.ഐ പി.കെ. ദാസും എസ്.ഐ ആൻറണി തോംസണും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

