കള്ളന്മാരുണ്ട്, ജാഗ്രതൈ...
text_fieldsബസിെൻറ ഡ്രൈവർ സീറ്റിനരികിൽനിന്ന് ബാറ്ററികൾ നഷ്ടപ്പെട്ട നിലയിൽ
കൊടുങ്ങല്ലൂർ: റോഡരികിൽ നിർത്തിയിട്ട സ്വകാര്യ ബസിൽനിന്ന് ഡീസൽ, ബാറ്ററി, ടയർ എന്നിവയുൾപ്പെടെ മോഷണം പോയതായി പരാതി. കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിൽ സർവിസ് നടത്തുന്ന 'ഐഷ' ബസിൽനിന്നാണ് ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
ദേശീയപാതക്കരികെ ശ്രീനാരായണപുരം ഇരുപത്തഞ്ചാംകല്ലിൽ പാർക്ക് ചെയ്തതായിരുന്നു ബസ്. പുലർച്ച ആറോടെ എത്തിയ തൊഴിലാളികളാണ് മോഷണവിവരം അറിഞ്ഞത്. ടാങ്ക് തകർത്ത് 140 ലിറ്റർ ഡീസലാണ് കൊണ്ടുപോയതെന്ന് ഉടമ ശാന്തിപുരം പൊന്നാംപടിക്കൽ മുഹമ്മദ് ഇസ്മായിൽ പറഞ്ഞു.തൊട്ടടുത്ത വർക്ഷോപ്പ് ഷെഡിെൻറ പൂട്ട് തകർത്ത് സ്പെയർപാർട്സ്, മോട്ടോറുകൾ, പണി ഉപകരണങ്ങൾ എന്നിവയും മോഷ്ടിച്ചു. മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭണ്ഡാര മോഷണക്കേസ് പ്രതി പിടിയിൽ
കൊടുങ്ങല്ലൂർ: നിരവധി ഭണ്ഡാര മോഷണ കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് പ്ലാക്കൽ ഫൈസലിനെയാണ് (42) തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി പൂങ്കുഴലിയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി എൻ.എസ്. സലീഷിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങൾ, പള്ളി, കപ്പേള തുടങ്ങിയവയിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്നയാളാണ് പ്രതി. അമ്പതിൽപരം കേസുകളിൽ പ്രതിയായ ഫൈസൽ ഇപ്പോൾ പറവൂരിലാണ് താമസം. കൊടുങ്ങല്ലൂർ മേഖലയിൽ തന്നെ പതിനഞ്ചോളം മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പൊലീസ് സംഘത്തിൽ കൊടുങ്ങല്ലൂർ സി.ഐ ബ്രിജുകുമാർ, എസ്.ഐമാരായ പി.സി. സുനിൽ, തോമസ്, എ.എസ്.ഐമാരായ പ്രദീപ്, മുഹമ്മദ് അഷ്റഫ്, ഉല്ലാസ്, സീനിയർ സി.പി.ഒ സിന്ധു ജോസഫ്, സി.പി.ഒമാരായ ഫൈസൽ, അജേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
വീട്ടിൽ പട്ടാപ്പകൽ മോഷണം;രണ്ട് പവൻ നഷ്ടമായി
ചെറുതുരുത്തി: വയോധികർ തനിച്ച് താമസിക്കുന്ന വീട്ടിൽ പട്ടാപ്പകൽ മോഷണം, രണ്ട് പവൻ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ. ദേശമംഗലം തലശ്ശേരി ബനാത്ത് യതീംഖാനക്ക് സമീപം താസിക്കുന്ന തുമ്പിപുറത്ത് വീട്ടിൽ വിശ്വംഭരനും (64) ഭാര്യ ശാന്തകുമാരിയും താമസിക്കുന്ന വീട്ടിലാണ് മോഷണം നടത്തിയത്.
വാതിലുകളും അലമാരകളും കുത്തിതുറന്ന് ഇവരുടെ മകെൻറ കുട്ടികളുടെ രണ്ട് പവൻ വളയും മറ്റും മോഷ്ടിച്ചത്. കൂടുതൽ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടാവും എന്നാണ് നിഗമനം. തിങ്കളാഴ്ച രാവിലെ 11ന് മരുമകളുടെ വീടായ എടപ്പാൾ കൂടല്ലൂരിലേക്ക് ഇവർ പോയിരുന്നു. വൈകുന്നേരം നാലിന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്.
വാർഡ് അംഗം കെ.എ. ഇബ്രാഹീം വീട് സന്ദർശിച്ചു. ചെറുതുരുത്തി പൊലീസ് സി.ഐ പി.കെ. ദാസും സംഘവും അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച ഡോഗ് സ്കോഡും വിരലടയാള വിദഗ്ധരും വന്നതിന് ശേഷമേ വേറെ എന്തൊക്കെ നഷ്ടപ്പെട്ടു എന്ന് അറിയാൻ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

