കണ്ണടച്ച് തുറന്നപ്പോഴേക്കും വെള്ളംനിറഞ്ഞ പാടം പറമ്പാക്കി
text_fieldsവടക്കേക്കാട് പൊലീസ് പിടികൂടിയ വാഹനങ്ങൾ സ്റ്റേഷൻ
പരിസരത്തെത്തിച്ചപ്പോൾ
പുന്നയൂർക്കുളം: കണ്ണടച്ച് തുറക്കുമ്പോഴേക്കും വെള്ളംനിറഞ്ഞ പാടം പറമ്പാക്കി. രഹസ്യവിവരം ലഭിച്ച പൊലീസ് പറന്നെത്തി പിടികൂടിയത് എട്ട് വാഹനങ്ങൾ. എടക്കര മിനി സെന്ററിലെ പാടമാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മണ്ണും ഉപയോഗിച്ച് അനധികൃതമായി നികത്തിയത്.
പാടം മണ്ണിട്ട് നികത്തിയ ഏഴ് ലോറിയും മണ്ണുമാന്തിയന്ത്രവുമാണ് വടക്കേക്കാട് സി.ഐ അമൃതരംഗന്റെ നേതൃത്വത്തിൽ പിടികൂടിയത്. പുന്നയൂർ പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതിയോടെ തെക്കിനേടത്തു പടിയിൽനിന്ന് പൊളിച്ച കെട്ടിടാവശിഷ്ടങ്ങളാണ് പാടം നികത്താനെടുത്തത്. പഞ്ചവടിയിൽ കെട്ടിട നിർമാണത്തിനെന്ന് പഞ്ചായത്ത് സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ചാണ് സംഘം എടക്കര മിനി സെന്ററിലുള്ള പാടം മണ്ണിട്ട് നികത്തിയത്.
പാടം നികത്തുന്നതായി ബുധനാഴ്ച വൈകീട്ടാണ് ഒരാൾ ഫോണിൽ വിളിച്ച് അറിയച്ചത്. ഉടനെ പുറപ്പെട്ട സി.ഐയും സംഘവും മണ്ണ് കടത്തൽ സംഘത്തേയും ലോറികളും കൈയോടെ പിടികൂടുകയായിരുന്നു. അനധികൃതമായി പാടം നികത്താനുപയോഗിച്ച എട്ട് വാഹനങ്ങളും കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ ജലീൽ, വിൻസെന്റ്, എ.എസ്.ഐ ഗോപി, സുധീർ, സി.പി.ഒ മാരായ സുനിൽ കുമാർ, സതീഷ് ചന്ദ്രൻ, ദീപക്, അരുൺ, നിബു, രതീഷ് എന്നിവർ ചേർന്നാണ് വാഹനങ്ങൾ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

