സ്കൂൾ ബസിന്റെ ടയർ പൊട്ടി; ഒഴിവായത് വൻ അപകടം
text_fieldsഅക്കിക്കാവ് സ്കൂൾ ബസിന്റെ കാലാവധി കഴിഞ്ഞ ടയർ
പെരുമ്പിലാവ്: വിദ്യാർഥികളുമായി സഞ്ചരിച്ച സ്കൂൾ ബസിന്റെ ടയർ പൊട്ടി. ഒഴിവായത് വൻ അപകടം. അക്കിക്കാവ് ടി.എം.വി.എച്ച്.എസ്.എസിലെ ബസാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ അക്കിക്കാവ്-എരുമപ്പെട്ടി റോഡിൽ തിപ്പിലശേരി കോടതിപ്പടി ഇറക്കത്തിലായിരുന്നു സംഭവം.
പിറകിലെ ടയർ പൊട്ടി ബസ് നിയന്ത്രണംവിട്ടെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടലിൽ നിയന്ത്രണവിധേയമാക്കാനായി. സംഭവസമയം 45 കുട്ടികൾ ബസിലുണ്ടായിരുന്നു. വലിയ തോതിൽ തേയ്മാനം വന്ന് ടയറിന്റെ നൂൽ പുറത്തുകാണുന്ന നിലയിലായിരുന്നു. കാലാവധി കഴിഞ്ഞ ടയറുമായാണ് ബസ് സർവിസ് നടത്തിയതെന്ന് കണ്ടെത്തി.
സംഭവത്തെ തുടർന്ന് സ്കൂളിലെ വാഹനങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നയാളെ വിളിച്ചുവരുത്തി. വിവരമറിഞ്ഞ് വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.

