പരിശോധന നിലച്ചു; ‘ലഹരി ഡ്രൈവർമാർ’വീണ്ടും
text_fieldsതൃശൂര്‍: പരിശോധന കുറഞ്ഞതോടെ ബസ് ജീവനക്കാർക്കിടയിൽ ലഹരി ഉപയോഗം വീണ്ടും വ്യാപകമാവുന്നു. നേരത്തേ വിവിധ റൂട്ടുകളിൽ പുതുതലമുറ ലഹരി ഉൾപ്പെടെ ഉപയോഗിക്കുന്നവർ പരിശോധനയിൽ കുടുങ്ങിയിരുന്നു. ഇത്തരക്കാരുടെ ലൈസൻസ് അടക്കം റദ്ദാക്കുന്ന സാഹചര്യവുമുണ്ടായി. കഴിഞ്ഞ ആഗസ്റ്റിൽ നിലച്ചതാണ് പരിശോധന. ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയിരുന്ന മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധന കുറഞ്ഞതിനാൽ അപകടകരമായ ഡ്രൈവിങ് തടരുകയാണ്.
ആഗസ്റ്റില്‍ തൃശൂര്‍ നഗരത്തിലെ ബസ് സ്റ്റാൻഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് ബസ് ഓടിച്ച ഒമ്പത് ഡ്രൈവര്‍മാരെ പിടികൂടിയിരുന്നു. തൃപ്രയാറിലും കൊടുങ്ങല്ലൂരിലും ലഹരി വസ്തുക്കൾ എത്തിച്ചുനൽകിയ ബസ് ജീവനക്കാരും പിടിയിലായിരുന്നു. അതേസമയം, കർശന പരിശോധന നിലച്ചതോടെ വീണ്ടും റോഡിൽ പ്രശ്നസങ്കീർണത തുടരുകയാണ്. ചില ബസിലെങ്കിലും ജീവൻ പണയം വെക്കുന്ന തരത്തിൽ യാത്ര ചെയ്യേണ്ട ഗതികേടാണുള്ളത്.
തൃശൂര്‍-കൊടുങ്ങല്ലൂര്‍, പാലക്കാട്, ഗുരുവായൂര്‍ റൂട്ടുകളിലോടുന്ന വാഹനങ്ങളിലെ ജീവനക്കാരില്‍ ഒരു വിഭാഗം പലവിധ ലഹരി ഉപയോഗിച്ചാണ് വാഹനങ്ങള്‍ നിരത്തിലിറക്കുന്നതെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
അമിതവേഗവും മത്സരയോട്ടവും അടിപിടിയും
അമിതവേഗവും മത്സരയോട്ടവും ബസ് ജീവനക്കാര്‍ തമ്മിലുള്ള അടിപിടിയും നിത്യമാണ്. ഇത് കൂടാതെ ലിമിറ്റഡ് സ്റ്റോപ്-ലോക്കൽ ബസുകൾ തമ്മിലെ പ്രശ്നങ്ങളും നിരന്തരമുണ്ട്. ഡ്രൈവര്‍മാരുടെ ജാഗ്രതക്കുറവ് മൂലം ചെറുതും വലുതുമായ അപകടങ്ങളും പെരുകുന്നുണ്ട്. എയര്‍ഹോണ്‍ മുഴക്കി അമിതവേഗതയില്‍ പായുന്ന ബസുകളും പതിവാണ്.
വില്ലനായി റോഡുപണി
വർഷങ്ങൾ നീളുന്ന റോഡുപണി ഇപ്പോഴും തുടരുകയാണ് ജില്ലയിൽ പലയിടത്തും. തൃശൂർ-കുന്നംകുളം, തൃശൂർ-ഗുരുവായൂർ റോഡുപണി പൂർത്തിയായിട്ടില്ല. കൊടുങ്ങല്ലുർ - കൂർക്കഞ്ചേരി കോൺക്രീറ്റ് റോഡ് നവീകരണം അരവർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല. വിവിധ മേഖലകളിൽ റോഡിൽ പതിയിരിക്കുന്ന അപകട കെണികൾ വേറെയുമുണ്ട്. ഇതുകൊണ്ടെല്ലാം സമയത്തിന് ഓടിയെത്താനാവാത്ത ഞാണിൻമേൽ കളിയാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

