18 വർഷമായി ഒളിവിലായിരുന്ന വിസ തട്ടിപ്പ് കേസ് പ്രതി അറസ്റ്റിൽ
text_fieldsഇബ്രാഹീം
തൃശൂർ: വിസ തട്ടിപ്പ് കേസിൽ 18 വർഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കോഴിക്കോട് മുക്കം സ്വദേശി ജെമ്മാരം കാട്ടിൽ വീട്ടിൽ ഇബ്രാഹിമാണ് (60) അറസ്റ്റിലായത്. 18 വർഷംമുമ്പ് ചിയ്യാരം സ്വദേശിയായ അജിത് കുമാറിൽനിന്ന് ദുബൈയിൽ വിസയും ജോലിയും ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ വാങ്ങി മുങ്ങുകയായിരുന്നു. നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപ്, സി.പി.ഒ സനൂപ് ശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മുക്കത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. നാട്ടിലെത്തി ആഡംബരപൂർണമായ വീട് പണിതുകൊണ്ടിരിക്കവെയാണ് പ്രതിയെ പിടികൂടിയത്. കേസിൽ കോഴിക്കോട് സ്വദേശിയായ മറ്റൊരാൾ മുമ്പ് അറസ്റ്റിലായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

