നടനവൈഭവം അക്ഷരത്താളിൽ; പുതുചരിത്രമെഴുതി കലാമണ്ഡലം സർവകലാശാല
text_fieldsചെറുതുരുത്തി: കേരള കലാമണ്ഡലം കൽപിത സർവകലാശാല പുതുചരിത്രത്തിന് സാക്ഷ്യം വഹിക്കുന്നു. ഒമ്പത് പതിറ്റാണ്ടിലേറെ കാലമായുള്ള കലാസപര്യക്ക് ഇനി അക്ഷരത്താളുകളും പകിട്ടേകും. ചരിത്രത്തിൽ ആദ്യമായി എട്ടു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി കളരി സിലബസ് അനുസരിച്ചുള്ള പാഠപുസ്തകങ്ങൾ പുറത്തിറക്കിയാണ് കലാമണ്ഡലം മികവിന്റെ കേന്ദ്രമാകുന്നത്.
പാഠപുസ്തകങ്ങളുടെ പ്രകാശനം വ്യാഴാഴ്ച വൈകീട്ട് നാലിന് കലാമണ്ഡലം കൂത്തമ്പലത്തിൽ കഥകളി കുലപതി ഡോ. കലാമണ്ഡലം ഗോപി, കലാമണ്ഡലം മുൻ നിള കാമ്പസ് ഡയറക്ടറും കഥകളി നടനുമായ കലാമണ്ഡലം എം.പി.എസ് നമ്പൂതിരിക്ക് കൈമാറി നിർവഹിക്കും. പൂർവ സൂരികളായ ആശാന്മാർ നിരീക്ഷണ നിഗമനങ്ങളിലൂടെയും നിരന്തര പരിശ്രമങ്ങളിലൂടെയുമാണ് പുസ്തകങ്ങൾ രൂപപ്പെടുത്തിയത്. കലാമണ്ഡലത്തിലെ അധ്യാപകരും പൂർവകാല അധ്യാപകരും എസ്.സി.ഇ.ആർ.ടിയിലെ വിഷയ വിദഗ്ധരും ചേർന്ന് കഴിഞ്ഞ മൂന്നുമാസമായി പരിശ്രമിച്ചതിന്റെ ഫലമാണ് പുസ്തകങ്ങൾ.
കഥകളി, നൃത്തം, ചെണ്ട, മദ്ദളം തുടങ്ങിയ വിഭാഗങ്ങളിൽ എട്ട്, ഒമ്പത്, പത്ത് ക്ലാസുകൾക്കായി 42 പുസ്തകങ്ങളാണ് പ്രകാശനത്തിന് തയാറായിട്ടുള്ളത്. വിദ്യാർഥികൾക്ക് സൗജന്യമായി ഇവ കൈമാറും. കലാമണ്ഡലത്തിലെ എല്ലാ വിഷയങ്ങളിലെയും ഉള്ളടക്കം പാഠപുസ്തകമായി പൊതുസമൂഹത്തിന് മുമ്പിൽ ലഭ്യമാകുന്നുവെന്നത് ചരിത്രമാണെന്ന് കലാമണ്ഡലം വൈസ് ചാൻസലർ പ്രഫ. ബി. അനന്തകൃഷ്ണൻ, രജിസ്ട്രാർ ഡോ. രാജേഷ് കുമാർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

