കുതിരാൻ: പുതുവർഷ സമ്മാനമായി രണ്ടാം തുരങ്കം തുറക്കും
text_fieldsകുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്നു കൊടുത്തപ്പോൾ
തൃശൂർ: കുതിരാനിൽ രണ്ടാം തുരങ്കത്തിെൻറ നിർമാണം ഡിസംബറിൽ പൂർത്തിയാക്കാനാവുന്ന രീതിയിൽ പുരോഗമിക്കുന്നതായി കരാർ കമ്പനിയായ കെ.എം.സി അധികൃതർ. പുതുവർഷ സമ്മാനമായി തുറക്കും. നിർമാണം പൂർത്തിയായാൽ ഉടൻ ടോൾ പിരിവ് നടത്തും. 70 ശതമാനം പൂർത്തിയായി. നൂറ് തൊഴിലാളികളാണ് മുഴുവൻ സമയവും ജോലി ചെയ്യുന്നത്. തുരങ്കത്തിനുള്ളിലെ മുകൾ ഭാഗം പൂർണമായി കോൺക്രീറ്റ് ചെയ്യും. മുന്നൂറ് മീറ്റർ കൂടി കോൺക്രീറ്റ് ചെയ്യാനുണ്ട്. അകത്തെ റോഡ് കൂടി കോൺക്രീറ്റ് ചെയ്യണം. വെളിച്ച സംവിധാനങ്ങളും ഒരുക്കാനുണ്ട്. രണ്ടാം തുരങ്കത്തിലേക്കുള്ള പാലത്തിെൻറ പണി നേരത്തേ പൂർത്തിയായിരുന്നു. പട്ടിക്കാട് മേൽപാലത്തിെൻറ പണിയും വേഗത്തിൽ പുരോഗമിക്കുകയാണ്.
2022ൽ തൃശൂർ-പാലക്കാട് റൂട്ടിലെ ദേശീയപാത യാത്ര ഏറെ സുഗമമാകും. രണ്ടാം തുരങ്കത്തിലേക്ക് പ്രവേശിക്കുന്നത് തൃശൂർ ഭാഗത്തുനിന്നാകും. അങ്ങനെ വരുമ്പോൾ, നിലവിലെ ദേശീയപാത മുറിച്ചാണ് റോഡ് വരുക. നിലവിലുള്ള റോഡ് ഉപേക്ഷിക്കും. ആ പ്രദേശം വനംവകുപ്പ് ഏറ്റെടുക്കും.
അതേസമയം, ദേശീയപാത അധികൃതർ ബസുകൾക്ക് തുരങ്ക പരിസരത്ത് സ്റ്റോപ്പിന് അനുമതി നൽകാത്തതിനാൽ നാട്ടുകാർ കുടുങ്ങിയിരിക്കുകയാണ്. ഇതിനാൽ രണ്ട് കിലോമീറ്റർ വളയണം ബസിൽ കയറാൻ. നേരത്തേ ഇരുമ്പുപാലത്തിന് സമീപം സ്റ്റോപ്പുണ്ടായിരുന്നു. കുതിരാൻ തുരങ്കത്തിലേക്ക് വരുന്ന ബസുകൾ യാത്രക്കാരെ കയറ്റാൻ പരിസരത്ത് നിർത്തുന്നില്ല. കുതിരാനിലും ഇരുമ്പുപാലത്തുമായി 125 കുടുംബങ്ങളുണ്ട്. ഇവർക്ക് ബസിൽ കയറാൻ ഒന്നര മുതൽ രണ്ട് കിലോമീറ്റർ വരെ ചുറ്റണം.
തുരങ്കത്തിന് മുന്നിൽ ബസ് സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് നാട്ടുകാർ പല തവണ പരാതി നൽകിയിരുന്നു. എന്നാൽ, ദേശീയപാത അധികൃതർ തള്ളി. രണ്ടാം തുരങ്കം വരുന്നതോടെ നിലവിലെ റോഡുതന്നെ ഇല്ലാതാകും. അങ്ങനെ, വരുമ്പോൾ ദുരിതം ഇരട്ടിയാകും.