വസ്തു നികുതി; പോരടിച്ച് നഗരസഭയിലെ ഭരണ-പ്രതിപക്ഷം
text_fieldsതൃശൂർ: വസ്തു നികുതി പരിഷ്കരണ സംബന്ധിച്ച് പരസ്പരം പോരടിച്ച് തൃശൂർ നഗരസഭയിലെ ഭരണ-പ്രതിപക്ഷം. കൗൺസിൽ യോഗത്തിൽ ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ പോകണമെന്ന് മേയർ എം.കെ. വർഗീസിന്റെ നിലപാടിനെതിരെ പ്രതിപക്ഷം ഒന്നടങ്കം ശക്തമായി പ്രതിഷേധിച്ചു.
ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ നൽകരുതെന്നും ലോക്കൽ ഫണ്ട് ഡയറക്ടർ സമയബന്ധിതമായി സ്പെഷൽ ഓഡിറ്റ് നടത്തണമെന്നും നഗരസഭ പ്രതിപക്ഷ നേതാവ് രാജന് പല്ലന് ആവശ്യപ്പെട്ടു. ആർക്കും ബാധ്യത വരാതെ മുന്നോട്ടുപോകണമെന്ന് മേയറുടെ നിർദേശവും പ്രതിപക്ഷം തള്ളി. ഇതോടെ നഗരസഭയുടെ വസ്തുനികുതി പ്രശ്നം അതിസങ്കീർണമായി.
തെരുവുവിളക്ക് പരിപാലനം; കരാർ നൽകാൻ തീരുമാനം
കഴിഞ്ഞ ഒരുമാസക്കാലമായി മുടങ്ങിക്കിടക്കുന്ന തെരുവുവിളക്ക് പരിപാലനം പുതിയ കരാറുകാരനെ ഏല്പിക്കുന്നതിന് തീരുമാനിച്ചു. അക്രമകാരികളായ കാട്ടുപന്നികളെ നിയമപ്രകാരം ഷൂട്ട് ചെയ്യുന്നതിന് രണ്ട് ഷൂട്ടര്മാര്ക്കുകൂടി അംഗീകാരം നല്‍കുന്നതിനും അംഗീകാരം നൽകി.
ലാലൂരില്‍ പുതിയതായി സ്ഥാപിക്കുന്ന കോര്പറേഷന് വൈദ്യുതി വിഭാഗത്തിന്റെ 110 കെ.വി സബ് സ്റ്റേഷന് കെ.എസ്.ഇ.ബിയില്‍നിന്ന് വൈദ്യുതി കണക്ഷന് ലഭ്യമാക്കാന്‍ നാല് കോടി രൂപ അനുവദിക്കുന്നതിനും ഉള്‍പ്പെടെയുള്ള 102 അജണ്ടകളില്‍ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനമെടുത്തു.
നഗരസഭക്ക് നഷ്ടം വരാത്തവിധം തീരുമാനമെടുക്കണം -ഭരണപക്ഷം
ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ പോകണമെന്നാണ് ഭരണപക്ഷ കൗൺസിലർമാരുടെ നിലപാട്. നഗരസഭക്ക് നഷ്ടം വരാത്ത വിധത്തിൽ തീരുമാനം എടുക്കണം. ഹൈകോടതിയുടെ ഡിവിഷന് ബഞ്ചിന്റെ വിധിയില്‍ 2013ലെ നികുതി പരിഷ്കരണം നടത്തുമ്പോള്‍ പാലിക്കേണ്ടതായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് ചൂണ്ടിക്കാണിച്ചത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 2013ലെ നികുതി പരിഷ്കരണത്തിന്റെ ഭാഗമായി വസ്തുനികുതി വർധനവിന്റെ തീരുമാനം ഫൈനല്‍ ആയി കൗണ്‍സില്‍ അംഗീകരിച്ചത് പത്രപരസ്യം വഴി അന്നത്തെ കോര്പറേഷന് ഭരണാധികാരികള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നതാണ്.
ഇത് അന്നത്തെ കൗൺസിലിന്റെ വീഴ്ചയാണ്. നഗരസഭ പിരിച്ച 71 കോടി ജനങ്ങൾക്ക് തിരിച്ചുകൊടുക്കാനാവില്ല. ഇപ്പോഴത്തെ കോടതി ഉത്തരവ് അംഗീകരിച്ചാൽ 71 കോടി തിരച്ച് കൊടുക്കേണ്ടി വരും. ലോക്കൽ ഫണ്ട് ഡയറക്ടർ ഓഡിറ്റ് നടത്തിയാൽ നഗരസഭയുടെ തലയിൽ വരും. നിയമപരമായ നടപടികൾ നിയമപരമായി പരിഹരിക്കണം.
അതിന് ഹൈകോടതി ഉത്തരവിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ കോര്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിന് കൗൺസിൽ അനുമതി നൽകണം. 2019ൽ നികുതി വർധിപ്പിച്ചിട്ടില്ല. 2019ലെ സർക്കാർ ഉത്തരവിൽ 2016 മുതലുള്ള നികുതി പിരിക്കാൻ പറഞ്ഞു. അതനുസരിച്ചാണ് നഗരസഭ പ്രവർത്തിച്ചത്. നികുതി പിരിക്കുന്നതിനെതിരെ 198 പേരാണ് കോടതിയിൽ പോയത്. കോടതി അവർക്ക് അനുകൂലമായി. നികുതി പിരിവ് പൂർത്തീകരിക്കാത്തതിന്റെ ഉത്തരവാദിത്തം എൽ.ഡി.എഫ് ഏറ്റെടുക്കുന്നു. പ്രളയവും കോവിഡും വന്നതിനാൽ നികുതി പിരിക്കാൻ കഴിഞ്ഞില്ല.
സമഗ്ര അന്വേഷണം വേണം -പ്രതിപക്ഷം
ഹൈകോടതി പൊതുവിധി അംഗീകരിക്കുകയും കോർപറേഷൻ ഉണ്ടായിട്ടുള്ള നഷ്ടം ആരുടെ വീഴ്ച കൊണ്ടാണെന്ന് അറിയുന്നതിനും എത്ര സാമ്പത്തിക നഷ്ടം തിരിച്ചറിയുന്നതിനും സമഗ്ര അന്വേഷണം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ സ്പെഷൽ ഓഡിറ്റ് നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ പാടില്ലെന്നും ആവശ്യപ്പെട്ടു. ജനങ്ങളുടെ കൈയിൽനിന്ന് നിയമവിരുദ്ധമായി ഈടാക്കിയ തുക നികുതി തിരിച്ചുനൽകണം. ഹൈകോടതി ഉത്തരവുപ്രകാരം 2011ലെ കേരള മുനിസിപ്പൽ നിയമത്തിന് വിധേയമായി വസ്തു നികുതി പിരിക്കുന്നതിന് നിയമപരമായി നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ അന്വേഷണം നടത്തിയാൽ എൽ.ഡി.എഫ് പ്രതി കൂട്ടിലാവും. സ്പെഷൽ ഓഡിറ്റ് സമയബന്ധിതമായി നടത്തണം. ഇക്കാര്യത്തിൽ 10 വർഷം എൽ.ഡി.എഫ് ഒന്നും ചെയ്തില്ല. 10 വർഷത്തെ ഉത്തരവാദിത്തം മേയറും ഭരണപക്ഷവും ഏറ്റെടുക്കണം. യു.ഡി.എഫ് നാലാമത്തെ കുറ്റവാളിയെങ്കിൽ എൽ.ഡി.എഫുകാർ 10 വർഷത്തെ കുറ്റവാളിയാണെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

