വിനോദ സഞ്ചാര വികസന പദ്ധതി; മാള ചാലിനെ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനം ജലരേഖയായി
text_fieldsനെയ്തകുടി
മാള: ചിരകാല സ്വപ്നമായ നെയ്തകുടി വികസനം എങ്ങുമെത്തിയില്ല. നെയ്തകുടി കേന്ദ്രീകരിച്ച് വിനോദ സഞ്ചാര വികസന സാധ്യതകൾ ഇതുവരെ യാഥാർഥ്യമായിട്ടില്ല. ചരിത്രമുറങ്ങുന്ന മാള കടവിൽനിന്ന് ഇതുവഴിയാണ് വള്ളങ്ങളിൽ ചരക്കുകൾ കോട്ടപ്പുറം ചന്തയിലേക്ക് വിൽപനക്കായി കൊണ്ടുപോയിരുന്നത്. കോട്ടപ്പുറം ചന്തയിൽനിന്ന് നിത്യോപയോഗ സാധനങ്ങൾ ചാൽ വഴിയാണ് തിരിച്ചുകൊണ്ടുവന്നിരുന്നതും. പുത്തൻചിറ മാരേക്കാട്, കരിങ്ങോൾചിറ വഴി കോട്ടപ്പുറത്തേക്കുള്ള ജലപാത വഴിയും ഇതാണ്.
കടവും ചാലും വഴിയുള്ള യാത്രകൾ പിൽകാലത്ത് നിലച്ചു. ചാലിന്റെ ഇരുകരകളിലും നോക്കെത്താദൂരം പരന്നുകിടക്കുന്ന പാടശേഖരങ്ങളും വർഷം മുഴുവൻ വെള്ളം നിറഞ്ഞ് കിടക്കുന്ന പാടശേഖരങ്ങളിൽ ഹെക്ടർ കണക്കിന് തണ്ണീർത്തടങ്ങളും ഇവിടെയെത്തുന്ന പക്ഷിക്കൂട്ടങ്ങളും പകരുന്ന ദൃശ്യവിരുന്ന് ആസ്വദിക്കുന്നതിനായി നിരവധി പേരാണ് എത്തുന്നത്. ചെറുവഞ്ചികളിൽ ചാലിലൂടെ യാത്രയും നടത്താറുണ്ട്. നീർപക്ഷികളുടെ പറുദീസയായ പാടശേഖരങ്ങൾക്ക് നടുവിലൂടെ നീളുന്ന ചാലിലൂടെയുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്. താമരക്കോഴി, കരിന്തലയൻ ഐബീസ് ഇനത്തിൽപെട്ട കൊക്കുകൾ, വെള്ളരി കൊക്കുകൾ, താറാവ് എരണ്ടകൾ, കല്ലൻ എരണ്ടകൾ, നീർക്കാക്ക, കുളക്കോഴികൾ തുടങ്ങിയ നീർപക്ഷികളെ ഇവിടെ കാണാം. വംശനാശ ഭീഷണി നേരിടുന്ന വർണ്ണക്കൊക്ക്, ചേരക്കോഴി, ചട്ടുകകൊക്ക്, പുളിച്ചുണ്ടൻ കൊതുമ്പന്നം, ആളകൾ, പച്ചഇരണ്ട എന്നീ പക്ഷികളും ഇവിടെ വിരുന്നിനെത്താറുണ്ട്.
മഞ്ഞുകാലത്ത് വിദൂര ദേശങ്ങളിൽനിന്ന് പലതരം ദേശാടന പക്ഷികളും ഇവിടെ പറന്നെത്തും. നീർപക്ഷികളുടെ പറുദീസയായ പാലക്കത്തടം ചാൽ കരിങ്ങോൾ ചിറയിലാണുള്ളത്. ജലയാത്രക്ക് യാത്രക്ക് അവസരമൊരുക്കുന്നതിനായി വിനോദ സഞ്ചാര വികസന പദ്ധതിയിൽ ചാലിനെ ഉൾപ്പെടുത്തുമെന്ന അധികൃത പ്രഖ്യാപനം ജലരേഖയാവുകയാണ്. സര്ക്കാറിന്റെ സായാഹ്നങ്ങളിൽ നിരവധി പേർ കാറ്റേറ്റ് വിശ്രമിക്കുന്നതിനും ചാലിന്റെ ഓരം ചേർന്നു നടന്ന് മനോഹര കാഴ്ചകൾ കാണുന്നതിനുമായി എത്തുന്നുണ്ട്. ഇവിടെ കാൽനട യാത്ര ചെയ്യുന്നതിന് അടിയന്തരമായി നടപാത നിർമാണം നടത്തണമെന്നാവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
ചരിത്രം തുടിച്ച് നിൽക്കുന്ന മാള കടവിന്റെ ഓർമ നിലനിർത്തുന്നതിനായി കടവോരത്ത് ഒരു പൈതൃക പാർക്കും വിശ്രമകേന്ദ്രവും ഓപൺ സ്റ്റേജും ആരംഭിക്കുമെന്ന് മുസ് രിസ് പ്രഖ്യാപിച്ചിരുന്നു. വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിനായി മുസിരിസ് പൈതൃക പദ്ധതിയിലോ ടൂറിസം വികസന പദ്ധതിയിലോ ഉൾപ്പെടുത്തുകയാണെങ്കിൽ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി നെയ്തകുടിയെ ചേർക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

