നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു
text_fieldsകൈപറമ്പ് പുറ്റേക്കരയിൽ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ കാർ
കേച്ചേരി: സംസ്ഥാനപാതയിലെ കൈപറമ്പ് പുറ്റേക്കരയിൽ നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു. അപകടത്തിൽ കാർ യാത്രക്കാരനായ ചാലക്കുടി സ്വദേശി കല്ലുംപറമ്പിൽ വീട്ടിൽ ആദിൽ (24) നിസ്സാര പരിക്കേറ്റു. ചാലക്കുടിയിൽനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽനിന്ന് ആദിലിനെ നാട്ടുകാർ രക്ഷപ്പെടുത്തി.
കഴിഞ്ഞദിവസം ഇതേ ഡിവൈഡറിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടിരുന്നു. ഒരുമാസത്തിനിടെ ഇവിടെ അഞ്ചോളം അപകടങ്ങൾ സംഭവിച്ചു. ഈ ഭാഗത്തെ റോഡിലെ അശാസ്ത്രീയമായ ഡിവൈഡറാണ് അപകടങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്.
ഇവിടെ കൂടുതലും രാത്രികളിലാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഈ പ്രദേശത്തെ റോഡിലെ വെളിച്ചക്കുറവും പ്രധാന പ്രശ്നമാണ്. അപകട സൂചനാ ബോർഡുകളോ റിഫ്ലക്ടർ ലൈറ്റുകളോ ഡിവൈഡറിൽ സ്ഥാപിക്കാത്തതാണ് വലിയ അപകടങ്ങൾക്ക് കാരണമാകുന്നത്.

