തൃക്കൂരിന്റെ മനസ്സ് പ്രവചനാതീതം
text_fieldsആമ്പല്ലൂര്‍: തെരഞ്ഞെടുപ്പില്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളും വിധി നിര്‍ണയിക്കുന്ന തൃക്കൂര് പഞ്ചായത്തില്‍ നിലവില്‍ യു.ഡി.എഫിനാണ് ഭരണം. യു.ഡി.എഫ് -10, എല്‍.ഡി.എഫ് -ആറ്, ബി.ജെ.പി -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇത്തവണ ഭൂരിപക്ഷം വാര്‍ഡുകളിലും പുതുമുഖങ്ങളെയാണ് മൂന്നുമുന്നണികളും പരീക്ഷിക്കുന്നത്. അതേസമയം, പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, അംഗം ഷീബ നിഗേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി, മുന്‍ അംഗങ്ങളായ പ്രിബനന്‍ ചുണ്ടേലപറമ്പില്‍, സന്ദീപ് കണിയത്ത് എന്നിവര്‍ ഇത്തവണയും മത്സരരംഗത്തുണ്ട്.
കഴിഞ്ഞ തവണ പതിനേഴ് വാര്‍ഡുകളായിരുന്നു. ഇക്കുറി രണ്ട് വാര്‍ഡുകള്‍ വര്‍ധിച്ചു. എല്ലാ വാര്‍ഡിലും കോണ്‍ഗ്രസ് കൈചിഹ്നത്തില്‍ മത്സരിക്കുന്നു. എല്‍.ഡി.എഫില്‍ ഒമ്പത് വാര്‍ഡില്‍ സി.പി.എം, നാല് വാര്‍ഡില്‍ സി.പി.ഐ, ഒരു വാര്‍ഡില്‍ ജനതദള്‍ (എസ്), ഒരു വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് (എം), നാല് വാര്‍ഡില്‍ സ്വതന്ത്രര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളെ അണിനിരത്തിയിരിക്കുന്നത്. ബി.ജെ.പി എല്ലാ വാര്‍ഡിലും താമര ചിഹ്നത്തില്‍ ജനവിധി തേടുന്നു. വാര്‍ഡ് എട്ടില്‍ സുന്ദരി മോഹന്‍ദാസ് കൈ അടയാളത്തില്‍ മത്സരിക്കുന്നു. സോഫിയ എഡിസന്(ചുറ്റിക അരിവാള്‍ നക്ഷത്രം), ഉഷ കുട്ടന്(താമര) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. പഞ്ചായത്തില്‍ കഴിഞ്ഞ തവണ ബി.ജെ.പിക്ക് ഒരു സീറ്റ് നേടിക്കൊടുത്ത ഷീബ നിഗേഷ് തൃക്കൂര് വാര്‍ഡില്‍ രണ്ടാം വിജയത്തിനായി മത്സരിക്കുന്നു.
ആം ആദ്മി പാര്‍ട്ടിയുടെ ആന്റോ ചിറ്റിലപ്പിള്ളി(ചൂല്), എം.ജി. രാമകൃഷ്ണന്(അരിവാള്‍ ധാന്യക്കതിര്), പി.ജെ. ഷിനോജ്(കൈ) തുടങ്ങിയവര്‍ വാര്‍ഡ് പിടിച്ചെടുക്കുവാനുള്ള പ്രചാരണ തന്ത്രങ്ങളുമായി രംഗത്തുണ്ട്. കോണ്‍ഗ്രസിലെ പോള്‍സണ്‍ തെക്കുംപീടിക വാര്‍ഡ് ഒന്ന് കോനിക്കരയില്‍ ജനവിധി തേടുന്നു. ഇവിടെ എല്‍.ഡി.എഫ് സ്വതന്ത്രന് എരാത്ത് നന്ദകുമാര്‍(ടേബിള്‍ ഫാന്‍), പ്രജീഷ് പറമ്പത്ത്(താമര) തുടങ്ങിയവരാണ് പോള്‍സന്റെ എതിരാളികള്‍. പ്രിബനന്‍ ചുണ്ടേലപറമ്പില്‍ മത്സരിക്കുന്ന പൂനിശേരി വാര്‍ഡില്‍ കെ.ആര്. സുരാജ്(അരിവാള്‍ ധാന്യക്കതിര്), വിപിന്യ ടീച്ചര്‍(താമര) എന്നിവര്‍ ശക്തമായ മത്സരവുമായാണ് മുന്നേറുന്നത്.
പതിനാല് പാലക്കപറമ്പില്‍ മിനി ഡെന്നി പനോക്കാരന്‍(കൈ), ഉഷ(കുട), രമണി ചന്ദ്രന്(അരിവാള്‍ ധാന്യക്കതിര്), സുഷിത വിനോജ്(താമര) എന്നിവര്‍ ജനവിധിതേടുന്നു. കേരള കോണ്‍ഗ്രസിലെ ജോര്‍ജ് താഴേക്കടന് രണ്ടില അടയാളത്തില്‍ മത്സരിക്കുന്ന വാര്‍ഡ് പതിനെട്ടില്‍ വിജയം പ്രവചനാനതീതമാണ്. ആംആദ്മി പാര്‍ട്ടിയുടെ കെ. പരമേശ്വരന്(ചൂല്), സഞ്ജയ് വരിക്കകുഴി(താമര), സന്ദീപ് കണിയത്ത്(കൈ) എന്നിവരാണ് മറ്റ് മത്സരാര്‍ഥികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

