കലാശം കൊട്ടിത്തകർത്തു
text_fieldsഇരിങ്ങാലക്കുടയിലെ കൊട്ടിക്കലാശം
മാള: തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിന്റെ പൊരിഞ്ഞ പോരാട്ടത്തിന് മാള ടൗണിൽ സമാപനം. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളാണ് ഒപ്പത്തിനൊപ്പം നേർക്കുനേർ വാദ്യമേളവും ഉച്ചഭാഷിണിയും ഉപയോഗിച്ച് കൊട്ടിക്കലാശം ഉത്സവമാക്കിയത്. ടൗണിൽ സ്ഥാനാർഥികൾ വാഹനങ്ങൾക്ക് മുകളിൽ നിലയുറപ്പിച്ചു. നാടിനെ ഇളക്കിമറിച്ച കൊട്ടിക്കലാശം കാണാൻ നിരവധി പേർ എത്തി.
രാഷ്ട്രീയ പാർട്ടികളുടെ വീറും വാശിയും കാതടപ്പിക്കുന്നതായി മാറി. ടൗണിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഒരു മണിക്കൂറിലേറെയാണ് പ്രചാരണ വാഹനങ്ങൾ തലങ്ങും വിലങ്ങുമിട്ടതിനാൽ ഗതാഗതം സ്തംഭിച്ചത്. മാള-ആലുവ റോഡ്, നെയ്തകുടി റോഡ് എന്നിവയും അടഞ്ഞുകിടന്നു. മാള പൊലീസ് ഏറെ നേരം പണിപ്പെട്ടാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.
കോടാലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലിയില്‍ നടന്ന കൊട്ടിക്കലാശം ആവേശോജ്ജ്വലമായി. വൈകീട്ട് അഞ്ചോടെ തന്നെ മുന്നണികളുടെ പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും നേതാക്കളും കൊടികളും സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങളുമായി ടൗണില്‍ നിരന്നു. ആവേശം അതിരുവിടാതിരിക്കാൻ പൊലിസിന്റെ കനത്ത കാവലിലാണ് കൊട്ടിക്കലാശം നടന്നത്. മുന്നണി പ്രവര്‍ത്തകര്‍ നിശ്ചിത അകലം പാലിച്ചാണ് കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്. പ്രചാരണം തികച്ചും സമാധാനപരമായി കൊട്ടിക്കലാശിച്ചു.
കോടാലിയില്‍ നടന്ന പഞ്ചായത്ത് തല കൊട്ടിക്കലാശത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തില്ല. വാര്‍ഡ് തലത്തില്‍ പ്രചാരണ ജാഥയും മൈക്ക് അനൗണ്‍സ്‌മെന്റും നടത്തിയാണ് യു.ഡി.എഫ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്. ഇരിങ്ങാലക്കുട: മൂന്ന് മുന്നണികളും വാര്‍ഡുകളില്‍ കൊട്ടിക്കലാശം സംഘടിപ്പിച്ചു. എല്ലാ മുന്നണികളുടെയും വാഹനപ്രചാരണം ചൊവ്വാഴ്ച വൈകീട്ട് നടന്ന കൊട്ടിക്കലാശം കഴിയുന്നതുവരെ മുറുകിയ താളത്തില്‍ത്തന്നെ ഓടിക്കൊണ്ടിരുന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡില്‍ കൂടല്‍മാണിക്യം കവാടത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പൊലീസ് സ്ഥലം അനുവദിച്ചിരുന്നത്.
മുഴുവന്‍ വാര്‍ഡുകളിലെ സ്ഥാനാർഥികളും ചിഹ്നമായ താമരയുടെ പ്ലക്കാര്‍ഡുകളുമായാണ് അണിനിരന്നത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട ഠാണാവിലാണ് കൊട്ടികലാശം നടത്തിയത്. എല്‍.ഡി.എഫ് നഗരത്തില്‍ കൊട്ടിക്കലാശം സംഘടിപ്പിച്ചില്ല. വാദ്യമേളത്തിന്റെ അകമ്പടിയോടെ നഗരം പിടിച്ചെടുക്കുന്ന വിധത്തിലായിരുന്നു ബി.ജെ.പിയുടെ കൊട്ടിക്കലാശം. ബി.ജെ.പി കാറളം പഞ്ചായത്തില്‍ ആവേശകരമായ കൊട്ടിക്കലാശമാണ് സംഘടിപ്പിച്ചത്.
ആമ്പല്ലൂർ: വരന്തരപ്പിള്ളിയെ ആവേശത്തിലാഴ്ത്തി കൊട്ടിക്കലാശം. മൂന്നു മുന്നണികളുടെയും ശക്തിപ്രകടനത്തിനാണ് വരന്തരപ്പിള്ളി സാക്ഷ്യം വഹിച്ചത്. വരന്തരപ്പിള്ളി സെന്റർ കേന്ദ്രീകരിച്ചായിരുന്നു പാർട്ടികളുടെ കൊട്ടിക്കലാശം. മൂന്നു മുന്നണികളുടെ സ്ഥാനാർഥികളും പ്രവർത്തകരും ഒത്തുച്ചേർന്നപ്പോൾ ആവേശം അലതല്ലി. പാർട്ടിയുടെ ഭീമൻ പതാകയേന്തിയായിരുന്നു കോൺഗ്രസിന്റെ ശക്തിപ്രകടനം. പ്രചാരണ വാഹനങ്ങളും മുദ്രാവാക്യവുമായി പ്രവർത്തകരും യു.ഡി.എഫിന്റെ കലാശ പോരിന് ആക്കംകൂട്ടി.
സ്ഥാനാർഥികളെ ഉൾപ്പടെ അണിനിരത്തി പ്രകടനവുമായാണ് എൽ.ഡി.എഫ് പ്രവർത്തകർ വരന്തരപ്പിള്ളിയിൽ എത്തിയത്. ആവേശത്തിമിർപ്പിലായിരുന്നു ബി.ജെ.പിയുടെ കൊട്ടിക്കലാശം. 24 വാർഡുകളുള്ള പഞ്ചായത്തിൽ മൂന്നു മുന്നണികളും വാർഡ്തലങ്ങളിൽ പരസ്യ പ്രചാരണം ഒഴിവാക്കി ഇത്തവണ വരന്തരപ്പിള്ളി സെന്റർ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട രാഷ്ട്രീയ പാർട്ടികളുടെ ശക്തി പ്രകടനത്തോടെയാണ് പരസ്യപ്രചാരണത്തിന് സമാപനമായത്.
ആമ്പല്ലൂർ: മുൻകാലങ്ങളിലെല്ലാം തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് മുന്നണികൾ എത്താറുള്ളത് പുതുക്കാട് സെന്ററിലായിരുന്നു. എന്നാൽ, ഇത്തവണ കോൺഗ്രസും ബി.ജെ.പിയും വാർഡ് തലങ്ങളിൽ പരസ്യ പ്രചാരണം നടത്തിയപ്പോൾ പുതുക്കാട് സെന്ററിനെ ആവേശത്തിലാക്കിയത് എൽ.ഡി.എഫ് മാത്രം. വാർഡുകളിലും പരസ്യപ്രചാരണം നടത്തിയതോടൊപ്പം പുതുക്കാട് സെന്ററിലും എൽ.ഡി.എഫ് കൊട്ടിക്കലാശം നടത്തി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉൾപ്പടെയുള്ള നേതാക്കളും പങ്കുചേർന്നു. വാദ്യമേളത്തോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പ്രവർത്തകരാണ് പുതുക്കാടെത്തിയത്. വിവിധ വാർഡുകളിലെയും ജില്ല പഞ്ചായത്ത് ഡിവിഷനിലെയും സ്ഥാനാർഥികളും പങ്കെടുത്തു. പുതുക്കാട് പഞ്ചായത്തിലെ സ്വതന്ത്ര സ്ഥാനാർഥി സിജു പയ്യപ്പിള്ളിയുടെ കൊട്ടിക്കലാശവും പുതുക്കാട് നടന്നു.
ബൈക്ക് റാലി
മാള: ഗ്രാമപഞ്ചായത്തിലെ വാർഡ് 15, 16ൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ കൊട്ടിക്കലാശത്തോടനുബന്ധിച്ച് ബൈക്ക് റാലി സംഘടിപ്പിച്ചു. അണികളെ അണിനിരത്തിയുള്ള ബൈക്ക് റാലി ആവേശകരമായി. പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച് വാർഡുകളിലുടെ കറങ്ങി മാള ടൗൺ വലംവെച്ച് അവസാനിപ്പിച്ചു. സ്ഥാനാർഥികളായ ഇ.കെ. അബ്ദുൽ ഖാദർ, വി.എസ്. റസിയ എന്നിവർ നാട്ടുകാരെയും പ്രവർത്തകരെയും അഭിവാദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

