ഐ.എം. വിജയൻ സ്പോർട്സ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു
text_fieldsതൃശൂർ: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ.എം. വിജയന്റെ പേരിലുള്ള ലാലൂർ അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് മന്ത്രി വി. അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. രാജ്യത്തിന് അഭിമാനമായി മാറുകയാണ് ലാലൂരിലെ കായിക സമുച്ചയമെന്ന് മന്ത്രി പറഞ്ഞു. തനിക്ക് ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ അവാർഡാണ് തന്റെ പേരിലുള്ള സ്പോർട്സ് കോംപ്ലക്സെന്ന് ഐ.എം. വിജയൻ പറഞ്ഞു.
മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. അക്വാട്ടിക്സ് കോംപ്ലക്സിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ. കെ. രാജനും പവലിയൻ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദുവും നിർവഹിച്ചു. ടെന്നീസ് കോർട്ട് എ.സി. മൊയ്തീൻ എം.എൽ.എയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പി. ബാലചന്ദ്രൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ഐ.എം. വിജയൻ കായിക മന്ത്രിയിൽ നിന്ന് ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങി.
തൃശൂർ മുനിസിപ്പൽ കോർപറേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായാണ് കായിക സമുച്ചയം യാഥാർഥ്യമാക്കിയത്. കോർപറേഷന്റെ 14 ഏക്കർ സ്ഥലത്ത്, കിഫ്ബി ധനസഹായത്തോടെയാണ് (56.01 കോടി രൂപ) പദ്ധതി നടപ്പാക്കുന്നത്. കിറ്റ്കോയുടെ മേൽനോട്ടത്തിൽ 70.56 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയാണിത്.
ഒന്നാം ഘട്ടത്തിൽ, 5000 പേരെ ഉൾക്കൊള്ളാവുന്ന ഇൻഡോർ സ്റ്റേഡിയമാണ് പ്രധാന ആകർഷണം. ബാസ്കറ്റ് ബാൾ, വോളിബാൾ, ബാഡ്മിന്റൺ, ഹാൻഡ് ബാൾ കോർട്ടുകൾ, ഡോർമിറ്ററികൾ, ജിം, വി.ഐ.പി ലോഞ്ച് എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഫിഫ നിലവാരത്തിലുള്ള സിന്തറ്റിക് ഫുട്ബാൾ ടർഫ്, ഐ.ടി.എഫ് നിലവാരത്തിലുള്ള അക്രിലിക് ടെന്നീസ് കോർട്ട്, 25 മീറ്റർ വലിപ്പമുള്ള പ്രാക്ടീസ് പൂൾ അടങ്ങുന്ന അക്വാട്ടിക്സ് കോംപ്ലക്സ്, പവലിയൻ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയും പൂർത്തിയായി. ഹോക്കി ഗ്രൗണ്ട്, താരങ്ങൾക്കുള്ള റെസിഡൻഷ്യൽ ബ്ലോക്ക് എന്നിവ ഉൾപ്പെടുന്ന രണ്ടാംഘട്ടത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ കായിക പ്രതിഭകളെയും എ.സി. മൊയ്തീൻ എം.എൽ.എ ലാലൂർ സമരഭടൻമാരെയും ആദരിച്ചു.
ഡെപ്യൂട്ടി മേയർ എം.എൽ. റോസി കരാറുകാരെ ആദരിച്ചു. ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ, റാപ്പർ ഹിരൺ ദാസ് മുരളി (വേടൻ) എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന യൂത്ത് അഫയേർസ് ഡയറക്ടർ പി. വിഷ്ണു രാജ് സ്വാഗതവും കോർപറേഷൻ സെക്രട്ടറി വി.പി. ഷിബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

