പശുത്തൊഴുത്ത് വീടാക്കിയ ശിവശങ്കരന് ലൈഫിന്റെ കൈത്താങ്ങ്
text_fieldsവേലൂർ ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യ പട്ടികയിലെ ആദ്യ വീടിന്റെ താക്കോൽദാനം തയ്യൂർ എടാട്ട്പറമ്പിൽ ശിവശങ്കരന്റെ കുടുംബത്തിന് നൽകി എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിക്കുന്നു
വേലൂർ: പശുത്തൊഴുത്ത് വീടാക്കി താമസിച്ചിരുന്ന ശിവശങ്കരനും കുടുംബത്തിനും ഇനി സർക്കാർ ഒരുക്കിയ തണലിൽ അന്തിയുറങ്ങാം. ‘ലൈഫ് ട്വന്റി ട്വന്റി’ പദ്ധതിയിലുൾപ്പെടുത്തി അതിദരിദ്രരിൽ ജില്ലയിൽ ആദ്യം പണി പൂർത്തീകരിച്ചത് ശിവശങ്കരൻ - ഗിരിജ ദമ്പതികളുടെ വീടാണ്.
വർഷങ്ങളായി പശുത്തൊഴുത്ത് വീടാക്കിയ വേലൂർ പഞ്ചായത്തിലെ തയ്യൂർ എടാട്ട്പറമ്പിൽ ശിവശങ്കരനും കുടുംബത്തിനും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം ഇതോടെ യാഥാർഥ്യമായി.
ഏകമകൾ സന്നിധിയുടെ വിവാഹം നടക്കാനിരിക്കേ ചോർന്നൊലിക്കുന്ന കൊച്ചുകൂരയിൽനിന്ന് പഞ്ചായത്ത് ഈ കുടുംബത്തിന് സുരക്ഷിതമായ വീട് സമ്മാനിച്ചപ്പോൾ ജീവിതത്തിന് ഇരട്ടി മാധുര്യമായി. ഏപ്രിൽ 30നാണ് മകളുടെ വിവാഹം.
ആദ്യം ഹോട്ടൽ നടത്തിയിരുന്നെങ്കിലും കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്ന് വീണ് കച്ചവടം നിർത്തിയതോടെ ഇവരുടെ വരുമാനം നിലച്ചു. പിന്നീട് പശുക്കളെ വളർത്തിയാണ് കുടുംബം കഴിഞ്ഞിരുന്നത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ഭാര്യ ഗിരിജക്ക് മൂന്ന് വർഷം മുമ്പ് നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞതിനെ തുടർന്ന് എഴുന്നേറ്റ് നടക്കാൻ കഴിയാതായി.
ഭാര്യയുടെ ചികിത്സ ചെലവും ഈ വരുമാനത്തിൽനിന്നാണ് കണ്ടെത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാറിന്റെ അതിദാരിദ്ര്യ നിർമാർജന യജ്ഞത്തിൽ കുടുംബത്തെ ഉൾപ്പെടുത്തിയത്. അതിദരിദ്രരിൽ ഉൾപ്പെടുത്തിയശേഷം ഗിരിജയുടെ ആരോഗ്യ പരിശോധനക്കുള്ള നടപടി പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്.
വേലൂർ ഗ്രാമപഞ്ചായത്തിന്റെ സന്ദർഭോചിത ഇടപെടൽ ഇവരുടെ ജീവിതത്തിൽ പുതിയ വെളിച്ചമേകി. നാല് ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചത്. വീടിന്റെ താക്കോൽദാനം എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി, വൈസ് പ്രസിഡന്റ് കർമല ജോൺസൻ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഷേർളി ദിലീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സപ്ന റഷീദ്, പഞ്ചായത്തംഗങ്ങളായ വിമല നാരായണൻ, ശുഭ അനിൽകുമാർ, ബിന്ദു ശർമ, പി.എൻ. അനിൽ, ഹരിത കർമസേന പഞ്ചായത്ത് സെക്രട്ടറി ബിന്ദു നന്ദനൻ, വി.ഇ.ഒ പി.സി. രശ്മി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

