സുരേഷിന് അന്ത്യയാത്ര നൽകി നാട്; ആ മുഖം അവസാനമായി കാണാനാകാതെ കുടുംബം
text_fieldsസുരേഷിന്റെ ഫോട്ടോ നോക്കി കരയുന്ന ഭാര്യയും മകളും
വടക്കാഞ്ചേരി: ചിരിച്ചു കളിച്ച് ജോലിക്ക് പോയ സുരേഷ് എട്ടു ദിവസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആ മുഖമൊന്ന് കാണാൻ പോലും കുടുംബത്തിനായില്ല. സുരേഷിനെ അവസാനമായി ഒരു നോക്ക് കാണാനാവാതെ ചിത്രത്തിന് മുന്നിൽ വിതുമ്പിക്കരഞ്ഞ് കുടുംബം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ച തെക്കുംകര ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷിന്റെ (50) വിയോഗം നാടിന് തീരാനൊമ്പരമായി.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ ശാസ്ത്രീയമായ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ ശേഷമാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്നും ഏറ്റുവാങ്ങിയ മൃതദേഹാവശിഷ്ടങ്ങൾ തെക്കുംകരയിലെ വീട്ടിലെത്തിച്ചപ്പോൾ ശ്മശാനമൂകമായ അന്തരീക്ഷമായിരുന്നു. ഒരുപിടി അവശിഷ്ടങ്ങൾക്കും ചിത്രത്തിനും മുന്നിൽ നെഞ്ചുപൊട്ടി കരയുന്ന ഉറ്റവർ കണ്ടുനിന്നവരുടെ ഉള്ളുലച്ചു.
എട്ടുദിവസം മുമ്പ് ഭാര്യ ബിന്ദുവിനോടും 11 വയസ്സുകാരിയായ ഏക മകൾ ആദിശ്രീയോടും യാത്രപറഞ്ഞിറങ്ങിയ സുരേഷിന്റെ ചേതനയറ്റ ശരീരഭാഗങ്ങൾ മാത്രമാണ് തിരികെയെത്തിയത്. ഏറെക്കാലമായി ഇതേ മേഖലയിൽ ജോലി ചെയ്യുന്നയാളാണ് സുരേഷ്. സുരേഷിന്റെ ഭാര്യവീടായ കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് ഉന്നതിയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ വികാരനിർഭരമായ രംഗങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത്.
അച്ഛനെ അവസാനമായി യാത്രയാക്കാൻ വിറക്കുന്ന കൈകളോടെ മകൾ ആദിശ്രീ അന്ത്യകർമങ്ങൾ നിർവഹിച്ചത് കണ്ടുനിന്നവരിലും കണ്ണീർ പടർത്തി. ഉച്ചക്ക് രണ്ട് മണിയോടെ ചെറുതുരുത്തി പുണ്യതീരത്ത് സുരേഷിന്റെ ചിതയൊരുങ്ങി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണികൃഷ്ണൻ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

