ആശങ്കക്ക് അറുതിയായില്ല; കുന്നത്തുപ്പാടത്ത് കണ്ടത് പുലിയോ?
text_fieldsവരന്തരപ്പിള്ളി കുന്നത്തുപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽനിന്ന് പകർത്തിയ വിഡിയോയിലെ പുലിയെന്നു സംശയിക്കുന്ന ജീവി
ആമ്പല്ലൂർ: വരന്തരപ്പിള്ളി കുന്നത്തുപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ കണ്ടത് പുലിയാണോ, പൂച്ചപ്പുലിയാണോ എന്നതിൽ ആശങ്കയൊഴിയാതെ നാട്ടുകാർ. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടത്. റോഡ് മുറിച്ചുകടന്ന് റബർ തോട്ടത്തിലൂടെപോയ ജീവിയുടെ വിഡിയോ സമീപവാസിയായ പാണനാൽ മെൽവിനാണ് പകർത്തിയത്. ഇവരുടെ വീടിന് മുൻവശത്തുള്ള തോട്ടത്തിലേക്കാണ് ജീവി പോയത്. കണ്ടത് പുലിയാണെന്ന് സംശയിച്ചതോടെ നാട്ടുകാർ വാർഡ് മെംബർ ജിജോ ജോണിനെയും വനപാലകരെയും അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ വനപാലകർ പരിശോധന നടത്തിയെങ്കിലും ജീവിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അതേ സമയം വിഡിയോയിൽ കണ്ടത് പൂച്ച പുലിയാണെന്നാണ് വനപാലകരുടെ സ്ഥിരീകരണം. രണ്ട് മാസം മുമ്പ് ഈ പ്രദേശത്ത് ഇത്തരത്തിലുള്ള ജീവി റോഡ് മുറിച്ചുകടക്കുന്നത് യാത്രക്കാർ കണ്ടിരുന്നു. വന്യജീവി ഗണത്തിൽപ്പെട്ട പൂച്ച പുലിയാണ് പ്രദേശത്ത് കണ്ടതെങ്കിൽ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

