ആവേശം നിറച്ച് ഘടകപൂരങ്ങള്‍
text_fieldsതൃശൂര്‍: പൂരാവേശം വടക്കുന്നാഥനിലേക്ക് ആനയിച്ച് ഘടകപൂരങ്ങൾ. തൃശൂര്‍ പൂരത്തെ സമ്പൂര്‍ണമാക്കുന്ന എട്ട് ഘടകപൂരങ്ങള്‍ ഇത്തവണയും ഊഴം തെറ്റാതെ വടക്കുന്നാഥനെ വണങ്ങാനെത്തി.
മഞ്ഞും മഴയുമേല്ക്കാതെ രാവിലെ 7.30ന് കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് എത്തിച്ചേര്‍ന്നതോടെ പൂരത്തിന് തുടക്കം കുറിച്ചു. പുലര്‍ച്ചെ അഞ്ചിന് തന്നെ കണിമംഗലം ശാസ്താവ് പൂരത്തിനായി ആനപ്പുറത്ത് പുറപ്പെട്ടു. നാഗസ്വരത്തിന്റെ അകമ്പടിയോടെ എത്തിയ ശാസ്താവ് കുളശേരി അമ്പലത്തില്‍ നിന്നും അഞ്ചാനകളുമായി ചെണ്ടമേളത്തോടെ മണികണ്ഠനാലിലേക്കെത്തി. ഇവിടെ നിന്ന് ഒമ്പതാനകളുമായി ചെറിയ മേളത്തോടെ തെക്കേഗോപുര നട കയറി ഇലഞ്ഞിത്തറയിലും തുടര്‍ന്ന് മേളത്തിന്റെ കൊട്ടിക്കലാശം കഴിച്ച് പടിഞ്ഞാറെ ഗോപുരം വഴി പുറത്തേക്കും കടന്നു. 8.30ന് ശ്രീമൂലസ്ഥാനത്തെത്തി പൂരം അവസാനിപ്പിച്ച് ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളി.
അയ്യന്തോള്‍ കാര്‍ത്യായനി ദേവി രാവിലെ ആറിന് ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. മേളത്തിന്റെയും നാഗസ്വരത്തിന്റെയും അകമ്പടിയോടെയായിരുന്നു ഭഗവതിയുടെ എഴുന്നള്ളത്ത്. കോട്ടപ്പുറത്ത് എത്തിയപ്പോള്‍ ആനകളുടെ എണ്ണം ഏഴും നടുവിലാലില്‍ എത്തിയപ്പോള്‍ അത് 13ഉം ആയി. 11ന് നടുവിലാലില്‍ നിന്ന് പടിഞ്ഞാറെ ഗോപുരം വഴി ക്ഷേത്രത്തിനുള്ളില്‍ കടന്ന് വടക്കുന്നാഥനെ വണങ്ങി. തുടര്‍ന്ന് തെക്കേ ഗോപുരം വഴി പുറത്തേക്ക് എഴുന്നള്ളി.
ചൂരക്കോട്ടുകാവ് ഭഗവതി രാവിലെ 6.45ന് നടപ്പാണ്ടിയുടെ അകമ്പടിയോടെയാണ് ക്ഷേത്രത്തില്‍ നിന്ന് പുറപ്പട്ടത്. മുതുവറ, പുഴയ്ക്കല്‍, പൂങ്കുന്നം, കോട്ടപ്പുറം വഴി നടുവിലാലിലെത്തി ഇറക്കി എഴുന്നള്ളിച്ചു. തുടര്‍ന്ന് 14 ആനകളുമായി മേളത്തോടെ ശ്രീമൂലസ്ഥാനത്തെത്തി. പടിഞ്ഞാറെ ഗോപുര നട വഴി അകത്തേക്ക് കടന്ന് വടക്കുന്നാഥനെ വലംവച്ച് തെക്കേ ഗോപുരം വഴി പുറത്തേക്ക് കടന്ന് പാറമേക്കാവ് ക്ഷേത്രത്തിലെത്തി ഇറക്കി എഴുന്നള്ളിച്ചു.
ഘടകപൂരങ്ങളില്‍ വടക്കുന്നാഥനെ വണങ്ങാന്‍ അവസാനമെത്തിയത് കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതിയാണ്. രാവിലെ 8.30ന് ക്ഷേത്രത്തില്‍നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറി നാഗസ്വരത്തിന്റെ അകമ്പടിയോടെ പുറപ്പെട്ടു. 11 ആനകളുടെ അകമ്പടിയോടെ പടിഞ്ഞാറെ നടവഴി ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് തെക്കെ നടവഴി തിരിച്ചിറങ്ങി. സ്വരാജ് റൗണ്ട് വലംവച്ച് പഴയനടക്കാവിലെ കാര്‍ത്യായനി ക്ഷേത്രത്തിലെത്തിയായിരുന്നു ഇറക്കിപൂജ.
കാരമുക്ക് ഭഗവതി രാവിലെ ആറിന് ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടു. നാഗസ്വരത്തോടെ കുളശേരി അമ്പലത്തില്‍. ഒരാനപ്പുറത്തുള്ള എഴുന്നള്ളിപ്പ് എട്ടിന് മണികണ്ഠനാല്‍ പന്തലിലെത്തിയതോടെ പാണ്ടിമേളം ആരംഭിച്ചു. പടിഞ്ഞാറെ ഗോപുരം വഴി അകത്ത് കടന്ന് വടക്കുന്നാഥനെ വണങ്ങി തെക്കേഗോപുരം വഴി പുറത്തേക്ക് എഴുന്നള്ളി.
പൂരദിവസം വെയില് മൂക്കും മുമ്പ് ചെമ്പൂക്കാവ് ഭഗവതി വടക്കുന്നാഥനെ കണ്ട് മടങ്ങി. രാവിലെ ഏഴിന് മൂന്നാനകള്ക്കൊപ്പം പഞ്ചവാദ്യം അകമ്പടിയായാണ് എഴുന്നള്ളിപ്പ് ആരംഭിച്ചത്. കിഴക്കേഗോപുരം വഴി അകത്ത് പ്രവേശിച്ച് തെക്കേഗോപുര നടയില്‍ എത്തിയതോടെ പഞ്ചവാദ്യം കലാശിച്ചു. തുടര്‍ന്ന് പഞ്ചാരിയുടെ അകമ്പടിയോടെ തെക്കോട്ടിറങ്ങി പ്രദക്ഷിണ വഴിയുടെ അടുത്തുവരെ പോയി തിരിച്ച് വീണ്ടും തെക്കേ ഗോപുരം വഴി അകത്തേക്ക് പ്രവേശിച്ചു. വടക്കുന്നാഥനെ വണങ്ങി പടിഞ്ഞാറെ ഗോപുരം വഴി പുറത്തേക്ക് ഇറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

