ചേലൊളിപ്പിച്ച് ചുള്ളിക്കാവ് ചിറ
text_fieldsമരോട്ടിച്ചാലിലെ ചുള്ളിക്കാവ് ചിറ
തൃശൂർ: വിനോദ സഞ്ചാരത്തിന് വലിയ സാധ്യതകളുള്ള മരോട്ടിച്ചാലിലെ ചുള്ളിക്കാവ് ചിറ പ്രയോജനപ്പെടുത്താൻ ഇനിയും നടപടിയില്ല. ചിറയിൽ ചെളിയടിഞ്ഞ് കൃഷി നശിക്കുകയും കുടിവെള്ളത്തെ ബാധിക്കുകയും ചെയ്തിട്ടും നടപടി സ്വീകരിക്കാൻ അധികൃതർക്കായിട്ടില്ല. ഹൈകോടതിയിലടക്കം കേസ് നൽകിയിട്ടും പ്രശ്ന പരിഹാരം വൈകുകയാണ്. ചുള്ളിക്കാവ് ചിറയിൽ ഇരുകരയിൽ പകുതിയോളം ഉയരത്തിൽ ചെളിയടിഞ്ഞ് കിടക്കുകയാണെന്നാണ് പുത്തൂർ പഞ്ചായത്ത് സെക്രട്ടറി ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നവംബർ 24ന് സമർപ്പിച്ച റിപ്പോർട്ടിൽ ഏകദേശം 80,000 ക്യൂബിക് മീറ്റർ ചെളിയടിഞ്ഞിട്ടുണ്ടെന്ന് കണക്കാക്കുന്നതായാണ് വ്യക്തമാക്കിയിട്ടുള്ളത്. 101 മീറ്റർ നീളം വരുന്ന ചിറയുടെ ബണ്ടിന് 15 മീറ്ററോളം വീതിയുമുണ്ട്. ബണ്ടിനരികിൽ 94 മീറ്റർ വീതിയിൽ വെള്ളം ശേഖരിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 1.25 കിലോമീറ്റർ ദൂരത്ത് ജലസേചനത്തിനും സൗകര്യമുണ്ട്.
ഹൈകോടതി നിർദേശപ്രകാരമാണ് ചിറ അളന്നതും മറ്റ് കാര്യങ്ങൾ നിർവഹിച്ചതും. അതേസമയം, അടിഞ്ഞുകൂടിയ ചെളി അടുത്ത വർഷത്തെ വാർഷിക പദ്ധതിയിൽ തുക വകയിരുത്തി നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്നും പുത്തൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
മരോട്ടിച്ചാലിലെ ചുള്ളിക്കാവ് ചിറയിലെ മണ്ണും ചെളിയും മാറ്റി പ്രദേശത്തെ വലിയൊരു കുടിവെള്ള സ്രോതസ്സ് ആക്കണമെന്നും ചുള്ളിക്കാവ് ചിറയിലെ മണ്ണെടുത്ത് വശങ്ങളിൽ തിണ്ട് കെട്ടി കർഷകരുടെ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറുന്നതു തടയണമെന്നും ആവശ്യപ്പെട്ട് പ്രദേശത്തെ കർഷകർ അഭിഭാഷകരായ ഷാജി കോടങ്കണ്ടത്ത്, കെ.ബി. ഗംഗേഷ് എന്നിവർ മുഖേനയാണ് ഹൈകോടതിയെ സമീപിച്ചിരുന്നത്. കെ.എഫ്.ആർ.ഐ, ജലസേചന വകുപ്പ് എന്നിവയിലെ വിദഗ്ധ സമിതിയും ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ചുള്ളിക്കാവ് ചിറയിലെ മണ്ണ് മാറ്റി ചിറക്ക് ചുറ്റും ബണ്ട് ഉണ്ടാക്കിയാൽ കർഷകരുടെ പറമ്പിലേക്ക് വെള്ളം കയറുന്നത് തടയാൻ സാധിക്കുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ചിറക്ക് ആഴം കൂട്ടിയാൽ കുടിവെള്ളത്തിന് പരിഹാരം ഉണ്ടാകും. ചിറയുടെ വികസനം സാധ്യമായാൽ പ്രദേശത്ത് വലിയ ടൂറിസം സാധ്യതയാണുള്ളത്. എന്നാൽ, ഇത്തരം പ്രവർത്തനങ്ങളൊന്നും ചെയ്യാനോ ടൂറിസം വികസനം അടക്കം നടപ്പാക്കാനോ അധികൃതർ മുൻകൈയെടുക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

