പോർക്കളം സജ്ജം
text_fieldsഅയ്യന്തോൾ കോസ്റ്റ് ഫോർഡിൽ സംഘടിപ്പിച്ച എഴുത്തുകാരുടെയും കലാകാരന്മാരുടെയും സുഹൃദ് സംഗമത്തിൽ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എം.എം. സചീന്ദ്രൻ തൃശൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനെ ഷാൾ അണിയിക്കുന്നു
തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് സാംസ്കാരിക തലസ്ഥാനം കടക്കുമ്പോൾ, തൃശൂരിലെ സ്ഥാനാർഥി ചിത്രം ഏറെക്കുറെ വ്യക്തം. എൽ.ഡി.എഫിനും എൻ.ഡി.എക്കും പിന്നാലെ കോൺഗ്രസ് കൂടി തങ്ങളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടതോടെ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയേറി. ഇതിനുപുറമെ മുസ്‌ലിം ലീഗിന്റെയും ട്വന്റി 20യുടെയും പ്രഖ്യാപനം കൂടിയായതോടെ ഇനി നേരിട്ടുള്ള പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയം നിയമസഭയിലും ആവർത്തിക്കാൻ ബി.ജെ.പിയും കോട്ട കാക്കാൻ ഇടതുമുന്നണിയും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ യു.ഡി.എഫും ഇറങ്ങുമ്പോൾ ഇത്തവണ തൃശൂരിൽ പ്രവചനാതീതമായ പോരാട്ടമാണ് നടക്കുക.
പത്മജയിലൂടെ ശ്രദ്ധാകേന്ദ്രമായി എൻ.ഡി.എ
തിങ്കളാഴ്ച പുറത്തുവന്ന ബി.ജെ.പിയുടെ ഒന്നാംഘട്ട പട്ടികയിൽ ജില്ലയിലെ നാല് മണ്ഡലങ്ങളിലെ കാര്യത്തിൽ മാത്രമാണ് തീരുമാനമായത്. ഇതിൽ ഏറ്റവും ശ്രദ്ധേയം തൃശൂർ മണ്ഡലമാണ്. മുൻ കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലിനെയാണ് ബി.ജെ.പി ഇവിടെ കളത്തിലിറക്കുന്നത്. ചേലക്കരയിൽ കെ. ബാലകൃഷ്ണൻ, മണലൂരിൽ കെ.കെ. അനീഷ് കുമാർ, ഇരിങ്ങാലക്കുടയിൽ സന്തോഷ് ചെറാക്കുളം എന്നിവരാണ് മറ്റ് ബി.ജെ.പി സ്ഥാനാർഥികൾ. ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി കുന്നംകുളത്ത് കെ.ആർ. റിജിൽ മത്സരിക്കും. എന്നാൽ, ബാക്കിയുള്ള മണ്ഡലങ്ങളിലെ എൻ.ഡി.എ പ്രഖ്യാപനം ചില ആശയക്കുഴപ്പങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. സി.പി.ഐ വിട്ട് ബി.ജെ.പിയിലെത്തിയ സി.സി. മുകുന്ദൻ നാട്ടികയിൽ ബി.ജെ.പി സ്ഥാനാർഥിയായേക്കും. ചാലക്കുടി നിയോജക മണ്ഡലത്തിൽ ചാർളി പോളും കൊടുങ്ങല്ലൂരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരുമകൻ ഡോ. വർഗീസ് ജോർജുമാണ് ട്വന്റി20 സ്ഥാനാർഥികൾ.
തൃശൂർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി പത്മജ വേണുഗോപാൽ നഗരത്തിൽ നടത്തിയ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
കോട്ട കാക്കാൻ പഴയ മുഖങ്ങൾ തൃശൂരിൽ പുതിയ പരീക്ഷണവുമായി എൽ.ഡി.എഫ്
ഞായറാഴ്ച പ്രഖ്യാപിച്ച ഇടതുപക്ഷ പട്ടികയിൽ ജില്ലയിലെ സി.പി.എം സിറ്റിങ് എം.എൽ.എമാരിൽ മിക്കവരും വീണ്ടും ജനവിധി തേടുന്നുണ്ട്. പുതുക്കാട് കെ.കെ. രാമചന്ദ്രൻ, മണലൂരിൽ സി. രവീന്ദ്രനാഥ്, ഗുരുവായൂരിൽ എൻ.കെ. അക്ബർ, ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു, കുന്നംകുളത്ത് എ.സി. മൊയ്തീൻ, ചേലക്കരയിൽ യു.ആർ. പ്രദീപ്, വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എന്നിവരെയാണ് സി.പി.എം അണിനിരത്തുന്നത്. എന്നാൽ, സി.പി.ഐ മത്സരിക്കുന്ന തൃശൂർ മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ പി. ബാലചന്ദ്രന് പകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണനെ രംഗത്തിറക്കി എൽ.ഡി.എഫ് പുതിയൊരു പരീക്ഷണത്തിന് മുതിരുകയാണ്.
തിരിച്ചുവരവ് മോഹവുമായി കോൺഗ്രസ്
ഒരു കാലത്ത് യു.ഡി.എഫിന്റെ, പ്രത്യേകിച്ച് കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു തൃശൂർ. മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ കാൽനൂറ്റാണ്ടോളം പ്രതിനിധീകരിച്ച മണ്ഡലമാണിത്. ആ പഴയ പ്രതാപം വീണ്ടെടുക്കുക എന്നത് ഇത്തവണ കോൺഗ്രസിന് അഭിമാന പ്രശ്നമാണ്. തൃശൂർ വീണ്ടും കൈപ്പിടിയിലൊതുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് ക്യാമ്പ് മുന്നോട്ട് പോകുന്നത്. സ്ഥാനാർഥി പ്രഖ്യാപനം നീളുന്നുവെന്ന ആശങ്കകൾക്ക് വിരാമമിട്ടാണ് എട്ട് മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസിന്റെ ആദ്യഘട്ട പട്ടിക പുറത്തുവന്നിരിക്കുന്നത്.
ഏവരും ഉറ്റുനോക്കിയിരുന്ന പ്രധാന മണ്ഡലമായ തൃശൂരിൽ രാജൻ ജെ. പല്ലൻ തന്നെ കോൺഗ്രസിനായി കളത്തിലിറങ്ങും. മണലൂരിൽ ടി.എൻ. പ്രതാപനും ചാലക്കുടിയിൽ സിറ്റിങ് എം.എൽ.എ സനീഷ് കുമാർ ജോസഫും കൊടുങ്ങല്ലൂരിൽ ഒ.ജെ. ജനീഷും സ്ഥാനാർഥിത്വം ഉറപ്പിച്ചു. ഒല്ലൂരിൽ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, നാട്ടികയിൽ അഡ്വ. സുനിൽ ലാലൂർ, കൈപ്പമംഗലത്ത് ടി.എം. നാസർ, പുതുക്കാട് കെ.എം. ബാബുരാജ് എന്നിവരാണ് മറ്റ് കോൺഗ്രസ് സ്ഥാനാർഥികൾ. ചൊവ്വാഴ്ച മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ ഗുരുവായൂരിൽ സി.എച്ച്. റഷീദ് മത്സരിക്കുമെന്ന് ഉറപ്പായി. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ (കേരള കോൺഗ്രസ്) മത്സരിക്കും.
അട്ടിമറികളുടെ തൃശൂർ എന്ത് തീരുമാനിക്കും?
ഒരുകാലത്ത് യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായിരുന്ന ജില്ലയിൽ, 2006 മുതൽ എൽ.ഡി.എഫിനാണ് മേൽക്കൈ. 2016, 2021 നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഓരോ സീറ്റിലൊതുങ്ങിയ യു.ഡി.എഫ്, ഭരണവിരുദ്ധ വികാരം ഇത്തവണ തുണക്കുമെന്ന പ്രതീക്ഷയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ 10 വർഷത്തിന് ശേഷം കോർപറേഷൻ പിടിച്ചെടുത്ത ആത്മവിശ്വാസവും യു.ഡി.എഫ് ക്യാമ്പിലുണ്ട്.
എന്നാൽ, വികസന നേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും എടുത്തുകാട്ടി ഭരണത്തുടർച്ച ലക്ഷ്യമിടുകയാണ് എൽ.ഡി.എഫ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റം നിയമസഭയിലും ആവർത്തിക്കാമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ. വരും ദിവസങ്ങളിൽ തൃശൂരിൽ പോരാട്ടം തീപ്പാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

