ആക്രമണത്തിൽ കലാശിച്ചത് ജന്മദിനാഘോഷം; നിരവധി പേർ എത്തിയതായി സൂചന
text_fieldsമണ്ണുത്തി: മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ നെല്ലങ്കരയിൽ മൂന്ന് പൊലീസ് ജീപ്പുകൾ തകർക്കുന്നതിന് അടക്കം കാരണമായ ആക്രമണത്തിൽ കലാശിച്ചത് പ്രതികളിലൊരാളുടെ ജന്മദിനാഘോഷം. വെള്ളിയാഴ്ച വൈകീട്ട് മുതൽ തുടങ്ങിയ ആഘോഷത്തിൽ നിരവധിപേർ എത്തിയിരുന്നതായാണ് സൂചന. പൊലീസ് പിടികൂടിയ ആറുപേർ കൂടാതെ ഒരാൾകൂടി അക്രമം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നതായും വിവരമുണ്ട്.
സഹോദരങ്ങളായ പ്രതികളുടെ മാതാവാണ് ഗുണ്ടകൾ തമ്മിലെ അക്രമം കണ്ട് പൊലീസിനെ വിളിച്ചുവരുത്തിയത്. പൊലീസെത്തുമ്പോൾ ഇവർ വീടിനുള്ളിൽ ഭയന്ന് കഴിയുകയായിരുന്നു. നെല്ലങ്കരയിൽ അടഞ്ഞുകിടക്കുന്ന കെട്ടിടത്തിന് സമീപമാണ് ഗുണ്ടാസംഘങ്ങൾ ഒത്തുചേർന്ന് പാർട്ടി നടത്തിയത്. ഇതിനിടെ ഇവർ തമ്മിൽ സംഘർഷം തുടങ്ങി. തൃശൂർ പട്ടണത്തോട് ചേർന്ന് നെല്ലങ്കരയിലെ ഹൗസിങ് കോളനിയിലേക്കുള്ള ഒറ്റപ്പെട്ട വഴിയിലെ മൂന്നുനില കെട്ടിടത്തിന്റെ സമീപത്താണ് ക്രിമിനലുകൾ ഒത്തുചേർന്ന് ആഘോഷം സംഘടിപ്പിച്ചത്.
രാത്രി 12 മുതൽ തന്നെ ഇവരുടെ അഴിഞ്ഞാട്ടം മൂലം നാട്ടുകാർ പൊറുതിമുട്ടി ഇരിക്കുമ്പോഴാണ് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും പരസ്പരം ഏറ്റുമുട്ടലിൽ എത്തിയതും. ഇതോടെയാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊതുവഴിയല്ലാത്തതിനാൽ ആൾ സഞ്ചാരം കുറഞ്ഞ ഈ പ്രദേശത്ത് ക്രിമിനലുകൾക്ക് ഒത്തുചേരാൻ അവസരം കൂടുതലാണ്. ഏതെങ്കിലും സാഹചര്യത്തിൽ പൊലീസ് എത്തിയാൽ തന്നെ പാടത്ത് കൂടി ഓടിരക്ഷപ്പെടാനുള്ള സൗകര്യവുമുണ്ട്.
മദ്യവും മയക്കുമരുന്നും കൂടിയാകുന്നതോടെ ഈ പ്രദേശം ക്രിമിനലുകളുടെ ഇടത്താവളമായി. അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് താമസക്കാരും കുറവാണ്. അതേസമയം, പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്നത് അടക്കം അറിയാൻ രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ജില്ലയിൽ ഗുണ്ടാസംഘങ്ങൾ സജീവമാകുന്നു
മണ്ണുത്തി: ജില്ലയിൽ ഗുണ്ടാസംഘങ്ങൾ സജീവമാകുന്നതിന്റെ സൂചനയാണ് ഇപ്പോൾ നെല്ലങ്കരയിൽ നടന്ന സംഭവങ്ങൾ. നേരത്തെയുണ്ടായിരുന്ന സ്ഥിതി വിശേഷങ്ങളിൽനിന്നും ഒരുപടി കൂടി മുന്നോട്ട് പോയി പൊലീസിന് നേരെയും ആയുധം ഉപയോഗിച്ചു.
പലപ്പോഴും ചെറിയ സംഭവങ്ങളിൽ തന്നെ കടുത്ത നടപടി ഉണ്ടാകാത്തതാണ് ഇതിനുകാരണം. രണ്ടാഴ്ച മുമ്പ് കുട്ടനെല്ലൂരിൽ യുവാക്കൾ ലഹരി ഉപയോഗിച്ച് സ്ത്രീകൾക്ക് നേരെ അസഭ്യം പറയുന്നതും ആക്രമിക്കാൻ പോകുന്നതും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും ഇവർ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി. കള്ളുഷാപ്പിൽ പ്രശ്നമുണ്ടാക്കിയവരെ പിടിക്കാൻ എത്തിയ ഒല്ലൂർ സി.ഐക്ക് നേരെ കത്തി വീശിയ സംഭവവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

