പ്രബേഷൻ എസ്.ഐ ആയി ചുമതലയേറ്റ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി
text_fieldsകൊരട്ടി: ചുമതലയേറ്റ് മണിക്കൂറുകൾക്കുള്ളിൽ മാല പൊട്ടിക്കൽ കേസിലെ പ്രതിയെ പിടികൂടിയ പ്രബേഷൻ എസ്.ഐക്ക് പ്രശംസ. ചൊവ്വാഴ്ച കൊരട്ടി പൊലീസ് സ്റ്റേഷനിലെ പ്രബേഷൻ എസ്.ഐ അരുൺ കുമാർ ആണ് മികവ് തെളിയിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ശേഷമായിരുന്നു സംഭവം.
നെട്ടിശ്ശേരിയിൽ പലചരക്ക് കട നടത്തുന്ന ജയശ്രീയുടെ (55) കഴുത്തിൽനിന്ന് ബൈക്കിലെത്തിയ ആൾ നാല് പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഉടൻ മണ്ണുത്തി പൊലീസ് വയർലസ് വഴി വിവരം തൃശൂർ റൂറൽ പൊലീസിന് കൈമാറി. സന്ദേശം ലഭിച്ചയുടൻ കൊരട്ടി സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അരുൺകുമാർ മണ്ണുത്തി പൊലീസുമായി ബന്ധപ്പെട്ട് പ്രതിയെയും ബൈക്കിനെയും കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചു.
തുടർന്ന് കൊരട്ടിയിൽ വാഹനപരിശോധന ആരംഭിക്കുകയും സംശയകരമായ സാഹചര്യത്തിൽ കണ്ട ബൈക്കിനെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കവർച്ച നടത്തിയത് രാമവർമപുരം വില്ലടം സ്വദേശി റിജോ വിൽസനാണെന്ന് മനസ്സിലായി. പ്രതിയെ മണ്ണുത്തി പൊലീസിന് കൈമാറി.
സി.പി.ഒമാരായ എൻ.വി. ശ്രീജിത്ത്, ആന്റണി ജിതിൻ, കെ.എ.പി സി.പി.ഒ ടി.സി. ഗോകുൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. വിവരം ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടിയ ഉദ്യോഗസ്ഥരെ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അഭിനന്ദിച്ചു. മികവുറ്റ രീതിയിൽ കൃത്യനിർവഹണം നടത്തിയ പൊലീസ് സംഘത്തിന് പ്രത്യേക കാഷ് അവാർഡും പ്രശംസാപത്രവും അദ്ദേഹം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

