കൊരട്ടി ഇൻഫോപാർക്കിൽ ‘ഇന്ദീവരം’ മൂന്നാം നില ഉടൻ പ്രവര്‍ത്തനസജ്ജമാകും
text_fieldsമൂന്നാംനില സജ്ജമാകുന്ന കൊരട്ടി ഇൻഫോപാർക്കിലെ ഇന്ദീവരം സമുച്ചയം
കൊരട്ടി: ഇന്‍ഫോപാര്‍ക്കിലെ ‘ഇന്ദീവരം’ സമുച്ചയത്തിന്റെ മൂന്നാം നില ഉടൻ പ്രവര്‍ത്തനസജ്ജമാകുന്നു. അതുവഴി 647 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. ഇന്ദീവരം സമുച്ചയത്തിന്റെ മൂന്നാം നിലയിലേക്ക് കൂടുതല്‍ കമ്പനികളെത്തുമെന്നാണ് പ്രതീക്ഷ. ഈ സമുച്ചയത്തില്‍ മൂന്നാം നിലയില്‍ 35,000 ചതുരശ്ര അടിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 20 പ്ലഗ് ആന്‍ഡ് പ്ലേ ഓഫിസുകളാണുള്ളത്. ഇതില്‍ പകുതിയിലധികം വിവിധ കമ്പനികള്‍ ഏറ്റെടുക്കാന്‍ താൽപര്യം പ്രകടിപ്പിച്ചുകഴിഞ്ഞു.
നേരിട്ടുള്ള 647 തൊഴിലവസരങ്ങൾ കൂടാതെ നേരിട്ടല്ലാതെയും കൂടുതല്‍ തൊഴിലവസരങ്ങള്‍ പുതിയ സൗകര്യം ഒരുങ്ങുന്നതോടെ യാഥാര്‍ഥ്യമാകും. ഏഴു നിലകളുള്ള ഇന്ദീവരം സമുച്ചയത്തിന്റെ രണ്ടാം നില പ്രവര്‍ത്തനസജ്ജമാക്കി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയാണ് മൂന്നാം നിലയില്‍ പുതിയ സൗകര്യങ്ങള്‍ പണികഴിപ്പിച്ചത്. കൂടാതെ നാലാം നിലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കും. 2009ല്‍ ആണ് കൊരട്ടി ഇൻഫോ പാർക്ക് പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ 50 കമ്പനികളിലായി 2000ല്‍പരം ജീവനക്കാര്‍ ജോലി ചെയ്തുവരുന്നു. പ്രത്യേക സാമ്പത്തിക മേഖലയില്‍ നിലകൊള്ളുന്ന ഇന്ദീവരം സമുച്ചയത്തിന് പുറമെ ഒമ്പത് വില്ലകളിലായി ചെറുതും വലുതുമായ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു.
ഐ.ടി രംഗത്ത് കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളുടെ തുടർച്ചയാണ് ജില്ലയിലെ കൊരട്ടി ഇന്‍ഫോപാര്‍ക്കിലെ പുതിയ സൗകര്യങ്ങളെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു.
തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ഐ.ടി കയറ്റുമതി കൂട്ടാനും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ കമ്പനികള്‍ക്ക് വളരാനുമുള്ള സാഹചര്യമൊരുക്കുകയാണ് ഇന്‍ഫോപാര്‍ക്ക് ലക്ഷ്യമിടുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

