ആമ്പല്ലൂരിലെ ഗതാഗതക്കുരുക്കിന് താല്‍ക്കാലിക പരിഹാരം
text_fieldsആമ്പല്ലൂർ സെന്ററിൽ ദേശീയപാതയിൽ വീതി കൂട്ടിയ സർവിസ് റോഡ്
ആമ്പല്ലൂർ: ആമ്പല്ലൂരിലെ ഗതാഗതക്കുരുക്കിന് താല്‍ക്കാലിക പരിഹാരമായി സര്‍വിസ് റോഡിന്റെ വീതികൂട്ടി. അടിപ്പാത നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത ആമ്പല്ലൂരില്‍ ചാലക്കുടി ഭാഗത്തേക്കുള്ള യാത്രാതടസങ്ങള്‍ ഒഴിവാക്കാനാണ് സര്‍വിസ് റോഡിന്റെ വീതികൂട്ടിയത്. അടിപ്പാത നിര്‍മാണത്തെ തുടര്‍ന്ന് സര്‍വിസ് റോഡിന്റെ വീതിക്കുറവ് വൻ ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു.
സ്ഥിരമായി ഗതാഗതക്കുരുക്കിലായതോടെ കടുത്ത പ്രതിഷേധത്തിലായിരുന്നു യാത്രക്കാര്‍. ആമ്പല്ലൂരിലെ ബസ് കാത്തിരിപ്പുകേന്ദ്രം പൂര്‍ണമായും പൊളിച്ചു നീക്കി യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ ആര്.ടി.ഒ, പൊലീസ്, ദേശീയപാത അധികൃതർ എന്നിവർ നിര്‍ദേശം നല്‍കിയിരുന്നു. യുടേണിലേക്കുള്ള പ്രവേശനവും വെള്ളിയാഴ്ച രാവിലെ മുതല്‍ സുഗമമാക്കി. ആമ്പല്ലൂർ ജങ്ഷൻ മുതല്‍ പുതിയ ബസ് സ്റ്റോപ് നിര്‍മിക്കാന്‍ നിര്‍ദേശിച്ച ഭാഗം വരെ സര്‍വിസ് റോഡ് ഉയരം കൂട്ടി ടാര്‍ ചെയ്തു.
ടാര്‍ ചെയ്ത ഭാഗം ഉറയ്ക്കുന്നതുവരെ സര്‍വിസ് റോഡിലൂടെ ഗതാഗതം താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. അടിപ്പാതയോട് ചേര്‍ന്ന് ദേശീയപാതയിലേക്ക് വാഹനങ്ങള്‍ വിടുന്നുണ്ട്. ഇതിനായി കഴിഞ്ഞദിവസം സര്‍വിസ് റോഡ് വീതിക്കുറച്ച് അപ്രോച്ച് റോഡിന്റെ അടിത്തറക്കായി എടുത്ത കുഴികള്‍ മൂടി. ഇതോടെ യൂടേണും സുഗമമായി. വെള്ളിയാഴ്ച രാവിലെ മുതല്‍ ആമ്പല്ലൂരില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

