Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:28 AM IST Updated On
date_range 10 March 2022 5:28 AM ISTSUPP
text_fieldsbookmark_border
8. പ്രശസ്തിയുടെ കൊടുമുടിയിൽ സിനിമയിൽ പൂർണമായും മുഴുകിയ കാലമായിരുന്നു ചെന്നൈയിൽ ഉണ്ടായിരുന്ന പത്ത് വർഷം. ആഴ്ചതോറും മുടങ്ങാതെ അയക്കുന്ന കത്തുകളായിരുന്നു വീടുമായുള്ള ആകെയുള്ള ബന്ധം. ട്രങ്ക് ബുക്ക് ചെയ്തു വിളിക്കേണ്ടതിനാൽ ഫോൺ വിളി കുറവായിരുന്നു. സിനിമ സെറ്റുകളിൽനിന്നും സെറ്റുകളിലേക്കുള്ള പ്രയാണം. ഷൂട്ടിങ് തിരക്കുകൾ, കൂടുതൽ നല്ല വേഷങ്ങൾക്കായുള്ള അന്വേഷണങ്ങൾ, വർഷങ്ങൾ കടന്നുപോയത് അറിഞ്ഞില്ല. വയസ്സ് 30 ആയി. ചെന്നൈയിൽനിന്നും മടങ്ങിപ്പോരണമെന്നും വിവാഹം കഴിക്കണമെന്നും വീട്ടിൽനിന്ന് സമ്മർദമായി, കല്യാണം ഇപ്പോൾ വേണ്ടെന്ന് പവിത്രനും. കുറച്ചുകൂടി ഉയർന്ന നിലയിൽ എത്തിയശേഷം മതി വിവാഹം എന്നായിരുന്നു നിലപാട്. വീട്ടുകാർ വിട്ടുകൊടുത്തില്ല. അങ്ങനെ മനസ്സില്ലാ മനസ്സോടെ പവിത്രൻ ചെന്നൈയിൽനിന്ന് തിരിച്ചുപോന്നു. നാട്ടിലെത്തുന്നതിന് ഏതാനും മാസം മുമ്പാണ് വെള്ളാനകളുടെ നാട് റിലീസ് ആയത്. ഈ സിനിമ പവിത്രന് നാട്ടിൽ വലിയ പ്രശസ്തി സമ്മാനിച്ചിരുന്നു. പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. വീട്ടുകാർ താൽപര്യമെടുത്ത് അന്വേഷിച്ചാണ് പെണ്ണ് കണ്ടുപിടിച്ചത്. കോഴിക്കോട്ടുനിന്നും വയനാട് സുൽത്താൻ ബത്തേരിയിലേക്ക് കുടിയേറിയവരായിരുന്നു ഭാര്യ ഉഷയുടെ കുടുംബം. ഉഷയുടെ അച്ഛൻ മാധവന്, സന്തോഷ് ടാക്കീസ് എന്ന പേരിൽ ബത്തേരിയിൽ സിനിമ തിയറ്റർ ഉണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞിരിക്കുകയായിരുന്ന ഉഷക്ക് കല്യാണ ആലോചനകൾ വന്നുതുടങ്ങിയിരുന്നു. ബത്തേരിയിലെ വീട്ടിൽവെച്ചാണ് പവിത്രൻ പെണ്ണ് കണ്ടത്. പവിത്രന് ഉഷയെ ഇഷ്ടമായി, ഉഷക്കും കുടുംബത്തിനും പവിത്രനെയും. അങ്ങനെ വിവാഹം ഉറപ്പിച്ചു. വധൂഗൃഹത്തിൽവെച്ചായിരുന്നു താലിക്കെട്ട്. വെള്ളാനകളുടെ നാട്, ബത്തേരിയിൽ റിലീസ് ചെയ്തത് സന്തോഷ് ടാക്കീസിൽ ആയിരുന്നു. അത് ആഴ്ചകളോളം ഓടിയശേഷമാണ് പവിത്രനുമായുള്ള ഉഷയുടെ വിവാഹാലോചനയും കല്യാണം ഉറപ്പിക്കലുമെല്ലാം ഉണ്ടായത്. അതോടെ ഭാര്യയുടെ വീട്ടുകാർ വിതരണ കമ്പനിയായ തരംഗിണിയുമായി ബന്ധപ്പെട്ട് ഈ സിനിമയുടെ പ്രിന്‍റ് വീണ്ടും വരുത്തിച്ചു. പവിത്രൻ വില്ലൻ വേഷത്തിൽ തകർത്തഭിനയിച്ച ഈ സിനിമ ടാക്കീസിൽ ഇട്ട് അവർ ഒന്നുകൂടി കണ്ടു. വിവാഹത്തിനുശേഷം ചെന്നൈയിലേക്ക് മടങ്ങിപ്പോകാൻ തോന്നിയില്ല. അന്നുവരെ ചെന്നൈ കേന്ദ്രീകരിച്ചിരുന്ന മലയാള സിനിമ കേരളത്തിലേക്ക് കൂടുമാറി തുടങ്ങിയ കാലമായിരുന്നു. അതുമാത്രമല്ല, പവിത്രന് വളരെയേറെ അടുപ്പമുള്ള സംവിധായകൻ പ്രിയദർശൻ, മലയാള ഫിലിം വിട്ട് ഹിന്ദി സിനിമകളിലേക്കും പരസ്യത്തിലേക്കുമെല്ലാം ചുവടുമാറ്റിയതും ചെന്നൈയിലേക്കുള്ള മടക്കത്തിന് മനസ്സുവരാതിരിക്കാൻ കാരണമാണ്. കേരളത്തിൽതന്നെ കേന്ദ്രീകരിച്ച് അഭിനയം തുടരാമെന്നായിരുന്നു തീരുമാനം. എന്നാൽ, ആ തീരുമാനം പവിത്രന് തിരിച്ചടിയായി. കരിയർ ഗ്രാഫ് ചെറിയതോതിൽ ഇടിഞ്ഞു. ചെന്നൈയിൽ കുറച്ചുകാലംകൂടി തുടരുകയാണ് വേണ്ടിയിരുന്നത്. അവിടെനിന്നും വിട്ടുപോന്നതുമൂലം പഴയപോലെയുള്ള അവസരങ്ങൾ കിട്ടിയില്ല, അങ്ങനെയാണ് സിനിമയോടൊപ്പം ടെലി സീരിയലുകളിലും അഭിനയിച്ചുതുടങ്ങിയത്. മലയാളം വിനോദ ചാനലുകൾ പിറവിയെടുത്ത സമയമായതിനാൽ സീരിയലുകൾ ഒരു ട്രെൻഡ് ആയി മാറിയിരുന്നു. സിനിമ നടൻ എന്ന പരിഗണനയും സീരിയലുകളിൽ പവിത്രന് ലഭിച്ചു. പ്രമുഖ ചാനലുകളിലൂടെ പ്രക്ഷേപണം ചെയ്ത പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ പ്രധാന സീരിയലുകളിലെല്ലാം പവിത്രൻ അഭിനേതാവായി നിറഞ്ഞുനിന്നു. 9. വില്ലനും വിനീത് ശ്രീനിവാസനും കല്യാണം കഴിഞ്ഞു ബന്ധുവീടുകളിൽ വിരുന്നിന് പോകുന്ന സമയം, പവിത്രനെയും ഉഷയെയും നടൻ ശ്രീനിവാസൻ പാട്യത്തെ വീട്ടിലേക്ക് ക്ഷണിച്ചു. വെള്ളാനകളുടെ നാട് റിലീസ് ചെയ്തിട്ട് അധികം ആയിട്ടില്ല. കേളകത്തുനിന്നും പാട്യത്തേക്ക് അരമണിക്കൂർ യാത്രയേയുള്ളൂ. അങ്ങനെ ശ്രീനിവാസൻ ഒരുക്കിയ ഗംഭീര വിരുന്നിൽ പവിത്രനും ഉഷയും പങ്കെടുത്തു. എല്ലാം കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങി. വിനീത് ശ്രീനിവാസന് അന്ന് കഷ്ടിച്ച് അഞ്ച് വയസ്സേയുള്ളൂ. വിരുന്നു കഴിഞ്ഞശേഷം കുട്ടിയെ എവിടെ നോക്കിയിട്ടും കാണുന്നില്ല. എല്ലാവരും കൂടി തിരച്ചിലോട് തിരച്ചിൽ. ഒടുവിൽ കിണറിന് ചാരിയുള്ള പമ്പ് സെറ്റ് പുരയുടെ മറവിൽ ഒളിച്ച വിനീതിനെ കണ്ടെത്തി. അവനോട് എന്താണ് കാരണമെന്ന് തിരക്കി. വെള്ളാനകളുടെ നാട് സിനിമ അവൻ കണ്ടിരുന്നു. അതിൽ അച്ഛൻ ശ്രീനിവാസനെ, വില്ലനായ പവിത്രൻ കൊല്ലുന്ന ഒരു രംഗമുണ്ട്. ആ സീൻ കുട്ടിയുടെ ഉള്ളിൽ ഭയാശങ്ക നിറച്ചിരിക്കുകയാണ്. അതാണ് ഒളിച്ചിരിക്കാൻ കാരണം. സിനിമയിലെ കഥാപാത്രങ്ങൾ യഥാർഥ ജീവിതത്തിൽ സൃഷ്ടിക്കുന്ന സ്വാധീനത്തിന് തെളിവായി ശ്രീനിവാസൻ പല അഭിമുഖങ്ങളിലും ഈയൊരു സംഭവം ഉദാഹരിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story