വേനൽ മഴ; സർവിസ് റോഡുകൾ വെള്ളക്കെട്ടിൽ
text_fieldsബുധനാഴ്ച പെയ്ത വേനൽമഴയിൽ ദേശീയപാത ആമ്പല്ലൂരിൽ രൂപപ്പെട്ട വെള്ളക്കെട്ട്
ആമ്പല്ലൂർ: വേനൽ മഴയിൽ ദേശീയപാതയിൽ ആമ്പല്ലൂരിൽ ഇരുവശങ്ങളിലും സര്‍വിസ് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇരുചക്ര വാഹനയാത്രികരെയാണ് വെള്ളക്കെട്ട് ഏറെ ബാധിച്ചത്. അടിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ സര്‍വിസ് റോഡിന്റെയും കാനകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ വെള്ളം ഒഴുകിപ്പോകാൻ സാധിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്. ഏറെ സമയമെടുത്താണ് ദേശീയപാതയിലൂടെ വാഹനങ്ങള്‍ പോയത്. ദേശീയപാത വെള്ളക്കെട്ടിലായതോടെ കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കുവാന് ബുദ്ധിമുട്ട് നേരിട്ടു.
കുളിരായി വേനല്‍മഴയെത്തി
കൊടകര: കുംഭചൂടില്‍ വെന്തുരുകുന്ന മലയോര ഗ്രാമങ്ങള്‍ക്ക് ആശ്വാസത്തിന്റെ കുളിര് പകര്‍ന്ന് പരക്കെ വേനൽ മഴ പെയ്തു. കൊടകര, മറ്റത്തൂര്‍, കോടാലി, വെള്ളിക്കുളങ്ങര പ്രദേശങ്ങളില്‍ ഒരുമണിക്കൂറോളമാണ് മഴ കനത്തുപെയതത്. ആമ്പല്ലൂർ: പുതുക്കാട് മേഖലക്ക് ആശ്വാസമായി വേനല്‍മഴയെത്തി. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് മഴ പെയ്തത്. ജനങ്ങൾ കനത്തചൂടില്‍ വലഞ്ഞ അവസ്ഥയില്‍ വേനല്‍മഴ ലഭിച്ചത് അനുഗ്രഹമായി. കഴിഞ്ഞ ദിവസം ജില്ലയില്‍ വിവിധയിടങ്ങളിൽ വേനല്‍മഴ പെയ്തിരുന്നുവെങ്കിലും പുതുക്കാട്, ആമ്പല്ലൂര്‍ മേഖലയില്‍ പെയ്തിരുന്നില്ല.
പുതുമഴ: റോഡിൽ വഴുതി യാത്രാബസ് അപകടത്തിൽപ്പെട്ടു
ചാലക്കുടി: പുതുമഴ പെയ്തപ്പോൾ പോട്ടയിൽ സ്വകാര്യ ബസ് നിയന്ത്രണം തെറ്റി അപകടത്തിൽ പെട്ടു. ആർക്കും പരിക്കില്ല. ബുധനാഴ്ച വൈകീട്ട് 5.10 ഓടെ പോട്ട പഴയ ദേശീയപാതയിൽ സുന്ദരി കവലയിലാണ് അപകടം. ഇരിങ്ങാലക്കുടയിൽ നിന്ന് ചാലക്കുടിയിലേക്ക് പോകുന്ന ചീനിക്കാസ് ബസാണ് അപകടത്തിൽപെട്ടത്. ഓഫിസ് വിട്ട സമയമായതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.
പോട്ടയിൽ അപകടത്തിൽ പെട്ട സ്വകാര്യ ബസ്
ഓട്ടോറിക്ഷക്ക് വശം കൊടുക്കുന്നതിനിടെ മഴയത്ത് റോഡ് വഴുതിയതാണ് കാരണം. ദേശീയ പാതയിലേക്ക് പ്രവേശിക്കുമ്പോൾ മറ്റൊരു വാഹനം വന്നാൽ ഇവിടെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പം പതിവാണ്. റോഡിന്റെ വശത്തെ കൽവെട്ടും ബി.എസ്.എൻ.എൽ ടവർ ബോക്സും ഇടിച്ചു തകർത്ത ബസിന്റെ മുൻവശം പാടെ തകർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.