വേനൽച്ചൂട്: ബസുകളിലെ ‘ഗ്ലാസ് കൂട്ടിൽ’ വെന്തുരുകി യാത്രക്കാർ
text_fieldsകനത്ത വെയിലിൽനിന്ന് രക്ഷ നേടാൻ കെ.എസ്.ആർ.ടി.സി ബസിന്റെ ഷട്ടറുകൾ
താഴ്ത്തുന്നവർ
തൃശൂർ: സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുമ്പോൾ ദീർഘദൂര ബസ് യാത്രക്കാർക്ക് ഇരുട്ടടിയാവുകയാണ് പുതിയ സ്ലൈഡിങ് ഗ്ലാസ് വിൻഡോകൾ. ആധുനികവത്കരണത്തിന്റെയും കാഴ്ചഭംഗിയുടെയും പേരിൽ കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസുകൾ ഒരുപോലെ ഈ ഗ്ലാസ് ജനലുകളിലേക്ക് മാറിയതോടെ നോൺ എ.സി ബസുകളിലെ യാത്ര അക്ഷരാർഥത്തിൽ ‘ഗ്ലാസ് കൂട്ടിലെ’ ദുരിതയാത്രയായി മാറി. പഴയ ഷട്ടറുകൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യം യാത്രക്കാർക്കിടയിൽനിന്ന് ഉയരുന്നുണ്ട്. എ.സി ബസുകളിൽ ഉള്ളിലെ താപനില കൃത്യമായി നിലനിർത്തുന്നതിന് ഗ്ലാസ് ജനലുകൾ അനിവാര്യമാണ്. അവിടെ അത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല.
എന്നാൽ, ഇതേ മാതൃക നോൺ എ.സി ബസുകളിലേക്ക് പകർത്തിയതാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുന്നത്. സ്ലൈഡിങ് ഗ്ലാസുകളായതിനാൽ ജനലിന്റെ പകുതി ഭാഗം എപ്പോഴും അടഞ്ഞുകിടക്കും. ഇത് പുറത്തുനിന്നുള്ള വായുസഞ്ചാരം ഗണ്യമായി കുറക്കുന്നു. വായുസഞ്ചാരം കുറയുകയും അതേസമയം ഗ്ലാസിലൂടെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേക്ക് പതിക്കുകയും ചെയ്യുമ്പോൾ ബസിനുള്ളിൽ ശ്വാസംമുട്ടലും ഉഷ്ണവുമാണ് അനുഭവപ്പെടുന്നത്.
കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ, ദീർഘദൂര സർവിസ് നടത്തുന്ന നോൺ എ.സി സ്വിഫ്റ്റ് ബസുകൾ, പുതുതായി നിരത്തിലിറങ്ങുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ എന്നിവയിലെല്ലാം പഴയ ഷട്ടറുകൾക്ക് പകരം ഗ്ലാസ് ജനലുകളാണ് നൽകിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയെക്കാൾ വേഗത്തിലാണ് സ്വകാര്യ ബസുകൾ ഈ ഗ്ലാസ് വിൻഡോ പരിഷ്കാരം ഏറ്റെടുത്തത്. പുതുതായി നിരത്തിലിറങ്ങുന്ന മിക്ക ലിമിറ്റഡ് സ്റ്റോപ്, ഫാസ്റ്റ് പാസഞ്ചർ സ്വകാര്യ ബസുകളിലും വലിയ ഗ്ലാസ് വിൻഡോകളാണുള്ളത്.
പുറമെ നിന്നുള്ള രൂപഭംഗിക്ക് പ്രാധാന്യം നൽകുമ്പോൾ കേരളത്തിലെ കാലാവസ്ഥയോ യാത്രക്കാരുടെ സൗകര്യമോ പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. ഉച്ചസമയത്ത് ജനലരികിൽ ഇരുന്നാൽ ചൂട് കൊണ്ട് പഴുക്കുന്ന അവസ്ഥയാണ്.
വെയിൽ മുഖത്തേക്ക് അടിക്കും. പഴയ ഷട്ടറുകൾ ആയിരുന്നെങ്കിൽ അതൊന്ന് താഴ്ത്തി വെച്ചാൽ വെയിലും കൊള്ളില്ല, നല്ല കാറ്റും കിട്ടുമായിരുന്നു. ഗ്ലാസ് ജനലുകൾ പകുതി അടഞ്ഞിരിക്കുന്നതുകൊണ്ട് ഇപ്പോൾ വിയർത്തുകുളിച്ചാണ് യാത്ര ചെയ്യുന്നത്’-സ്ഥിരം യാത്രക്കാരനായ മഹേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വേനൽമഴയോടൊപ്പമുള്ള ശക്തമായ ഇടിമിന്നൽ സമയത്തും ഈ ഗ്ലാസ് ജനലുകൾ വില്ലനാകുന്നുണ്ട്. ജനലുകൾ പൂർണമായി ഗ്ലാസ് ആയതിനാൽ പുറത്തെ ഇടിമിന്നൽ നേരിട്ട് കാണുന്നത് പ്രായമായവരിലും കുട്ടികളിലും വലിയ ഭയമാണ് സൃഷ്ടിക്കുന്നത്. പഴയ ഷട്ടറുകൾ ആയിരുന്നെങ്കിൽ പൂർണമായി താഴേക്ക് വലിച്ച് അടച്ചിടാനും മഴവെള്ളം തെറിക്കാതിരിക്കാനും സുരക്ഷിതത്വം തോന്നാനും സാധിക്കുമായിരുന്നു. വെയിലുള്ള സമയത്ത് ഷട്ടർ പകുതി താഴ്ത്തിയിട്ട് കാറ്റ് കൊള്ളാനുള്ള സൗകര്യവും പുതിയ ബസുകളിൽ ഇല്ലാതായി.
രൂപഭംഗിയേക്കാൾ യാത്രാസുഖത്തിനാണ് ഗതാഗത വകുപ്പും ബസ് ഉടമകളും പ്രാധാന്യം നൽകേണ്ടതെന്നാണ് ആവശ്യം. കേരളത്തിന്റെ ഉഷ്ണമേഖല കാലാവസ്ഥക്ക് നോൺ എ.സി ബസുകളിൽ പഴയ രീതിയിലുള്ള ഷട്ടറുകൾ തന്നെയാണ് പ്രായോഗികം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

