തൃശൂരിൽ ദലിത് കോൺഗ്രസിനെയും പിടിച്ചെടുക്കാൻ സുധാകരപക്ഷം
text_fieldsതൃശൂർ: ജില്ലയിൽ ദലിത് കോൺഗ്രസിനെയും പിടിച്ചെടുക്കാനുള്ള സുധാകര പക്ഷ നീക്കത്തിനെതിരെ പരാതി ഉയർന്നതോടെ ജില്ല പ്രസിഡന്റ് പ്രഖ്യാപനം മാറ്റിവെച്ചു. ദലിത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് ഡി.സി.സി പ്രസിഡന്റ് ധാരണയാക്കിയത് ഇരിങ്ങാലക്കുടയിൽനിന്നുള്ള പി.കെ. ഭാസിയെയാണ്.
എന്നാൽ ഇതിനെതിരെ എ ഗ്രൂപ്പ് ശക്തമായി രംഗത്ത് വന്നതും ഭാസിക്കെതിരെ മുമ്പുയർന്ന സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളോടെയുള്ള പരാതി കെ.പി.സി.സി നേതൃത്വത്തിന് ലഭിച്ചതുമാണ് തൃശൂർ ജില്ലയിലെ പ്രഖ്യാപനം തടയേണ്ട അവസ്ഥയിലെത്തിച്ചത്. 11 ജില്ലകളിലെ പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചത്.
എതിർപ്പുയർന്ന തൃശൂർ അടക്കമുള്ള മൂന്ന് ജില്ലകളിലെ പ്രസിഡന്റുമാരെ പിന്നീട് പ്രഖ്യാപിക്കാൻ മാറ്റി. കെ.എസ്.യു, മഹിള കോൺഗ്രസ് പുനഃസംഘടനയോടെ എ ഗ്രൂപ്പിനും, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പോടെ ഐ ഗ്രൂപ്പിനും കനത്ത നഷ്ടമുണ്ടായപ്പോൾ ഇതിൽ നേട്ടമുണ്ടാക്കിയത് കെ.സി. വേണുഗോപാൽ, സുധാകര പക്ഷങ്ങളാണ്. പദവികളൊന്നുമില്ലാതെ എ, ഐ ഗ്രൂപ്പുകൾ മാറി.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് രണ്ടാംസ്ഥാനത്തെത്തിയതോടെയാണ് നിർജീവമായിരുന്ന ഗ്രൂപ്പ് വീണ്ടും സജീവമായത്. ഇതിന്റെ ആവേശത്തിലാണ് ദലിത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തിനുള്ള എ ഗ്രൂപ്പിന്റെ അവകാശവാദം.
സംസ്ഥാന വൈസ് പ്രസിഡന്റായുള്ള ഇ.കെ. ബൈജു, കോർപറേഷൻ മുൻ കൗൺസിലർ സതീഷ് അപ്പുകുട്ടൻ എന്നിവർ എ ഗ്രൂപ്പിൽനിന്നും ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുണ്ട്. ഈ പേരുകൾ സജീവമായി അന്തിമമായി പരിഗണിക്കാനിരിക്കെയായിരുന്നു ഇരിങ്ങാലക്കുട സ്വദേശി പി.കെ. ഭാസിയുടെ പേര് വന്നത്.
ഡി.സി.സി പ്രസിഡന്റാണിതിന് പിന്നിലെന്നാണ് ഗ്രൂപ്പുകളുടെ ആക്ഷേപം. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുകയും ഇരിങ്ങാലക്കുട നഗരസഭയിൽ പാർട്ടി സ്ഥാനാർഥിയെ തോൽപ്പിച്ചയാളുമാണെന്ന് ഭാസിക്കെതിരെ ആരോപണമുണ്ട്.
ജോലി വാഗ്ദാനം നൽകി വൻതോതിൽ പണം പിരിക്കുകയും ഒരു മാസം മുമ്പ് ഭൂപണയ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ പേരിൽ പാനലിനെതിരെ വിമതനായി മത്സരിച്ചയാളുമാണെന്നും നിയമനം നടത്തരുതെന്നും കാണിച്ച് കെ.പി.സി.സി പ്രസിഡന്റിനും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിക്കും ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനും തൃശൂരിൽനിന്ന് പരാതിയും നൽകിയിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്റായി തൃശൂരിൽനിന്ന് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.സി. ശ്രീകുമാറിനെ നിയമിച്ചിരുന്നുവെങ്കിലും പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് ഒഴിവാക്കിയാണ് പുതിയ പ്രസിഡൻറായി എ.കെ. ശശിയെ നിയമിച്ചത്. ഇതിന് ശേഷമുള്ള ആദ്യ പുനഃസംഘടനയാണ് നടക്കുന്നത്.
നിലവിൽ പദവികളൊന്നുമില്ലാത്ത സാഹചര്യത്തിൽ ദലിത് കോൺഗ്രസ് വിട്ടുതരാനാവില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ബൈജുവിനെ നേരിട്ട് ഗ്രൂപ് നിർദേശിക്കുമ്പോൾ സതീഷ് അപ്പുകുട്ടൻ ഗ്രൂപ് നേതാക്കളുടെ പിന്തുണ തേടുകയാണ് ചെയ്തത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നേതാക്കളും പ്രവർത്തകരുമായി പരിചയമില്ലാത്തതും പ്രവർത്തന രംഗത്ത് സജീവമല്ലാത്തതുമായയാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ചതിൽ സുധാകര പക്ഷത്തിനെതിരെ അമർഷമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

