സബ്ട്രഷറി മാളയിൽ തന്നെ തുടരണം -ഹൈകോടതി
text_fieldsമാള: അന്നമനട സബ്ട്രഷറി മാളയിൽ തന്നെ തുടരണമെന്ന് ഹൈകോടതി. മാളയിലെ നിലവിലുള്ള കെട്ടിടത്തിന്റെ നവീകരണം, പുനർനിർമാണം, അറ്റകുറ്റപ്പണി എന്നിവയിൽ ഏതാണ് വേണ്ടതെന്ന് വിദഗ്ധ സമിതി പരിശോധന നടത്തി ആറുമാസത്തിനകം സർക്കാർ നടപടി പൂർത്തിയാക്കണം.
പുനർനിർമാണമാണെങ്കിൽ അടിയന്തരമായി പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം മാള പഞ്ചായത്ത് പരിധിയിൽ തന്നെ ട്രഷറി നിലനിർത്തണമെന്നും ഹൈകോടതി ഉത്തരവിൽ പറയുന്നു. ട്രഷറി നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകിയ ഉടമ ജോസഫ് തട്ടകത്തിന്റെ മകൻ ഷാന്റി ജോസഫ് നൽകിയ ഹരജിയിലാണ് ഉത്തരവ്.
കോടതി ഉത്തരവിന്റെ വെളിച്ചത്തിലാണ് മാളയിൽ സൗജന്യ കെട്ടിടത്തിൽ ട്രഷറി സ്ഥാപിതമായത്. 16 വർഷമായി അന്നമനട പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സിൽ വാടകക്കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ട്രഷറി പ്രവർത്തിക്കുന്നത്. മറ്റ് പഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് ഒന്നിൽ കൂടുതൽ ബസ് കയറി വേണം അന്നമനടയിൽ എത്താൻ.
കെട്ടിടം നിർമിക്കാൻ സൗജന്യമായി സ്ഥലം ലഭിക്കാൻ വർഷങ്ങളായി ട്രഷറി വകുപ്പ് അന്വേഷിച്ചെങ്കിലും ലഭ്യമാകാത്തതിനെ തുടർന്നാണ് മാള ടൗണിൽ തട്ടകത്ത് ജോസഫ് ലക്ഷങ്ങൾ വിലമതിക്കുന്ന 13 സെൻറ് സൗജന്യമായി നൽകിയത്. സർക്കാർ ഇത് ഏറ്റെടുക്കുകയും ചെയ്തു. കെട്ടിട നിർമാണത്തിന്റെ ടെൻഡർ നടപടി വരെ എത്തിയെങ്കിലും അന്നത്തെ എം.എൽ.എയുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ചു.
തുടർന്ന് ജോസഫ് തിരുവനന്തപുരം ലോകായുക്ത കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഇടതുപക്ഷ സർക്കാരും ട്രഷറി നിർമാണത്തിന് തുടർനടപടി സ്വീകരിച്ചില്ല. തുടർന്ന് ജോസഫ് ഹൈകോടതിയെ സമീപിച്ചു. ഒമ്പതുവർഷത്തെ നിയമ പോരാട്ടത്തിലൂടെയാണ് മാളയിൽ ട്രഷറി നിർമാണത്തിന് ഉത്തരവായത്. 1.14 കോടി രൂപ ചെലവഴിച്ചാണ് ഇരുനില കെട്ടിടം നിർമിച്ചത്.
എന്നാൽ, മാറിവന്ന യു.ഡി.എഫ് സർക്കാർ കെട്ടിടം ഉദ്ഘാടനത്തിന് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ജോസഫ് ഹൈകോടതിയിൽ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തു. 2015 മേയ് 11ന് പൊലീസ് കാവലിൽ ട്രഷറി തുറന്നു. ജോസഫ് തട്ടകത്ത് ആദ്യ നിക്ഷേപം നൽകിയും ഭാര്യ കൊച്ചുമേരി പെൻഷൻ കൈപ്പറ്റിയും പ്രവർത്തനം ആരംഭിച്ചു.
2018ലെ പ്രളയത്തിൽ കെട്ടിടത്തിന് കേട് സംഭവിച്ചെന്ന ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറുടെ റിപ്പോർട്ടിനെ തുടർന്ന് മാളയിൽ ട്രഷറി പ്രവർത്തിക്കാൻ മറ്റ് സ്ഥലം പഞ്ചായത്തോ മറ്റോ ഒരുക്കിനൽകാത്തതിനെ തുടർന്നാണ് അന്നമനടയിലേക്ക് മാറ്റിയത്.
അതേസമയം, പ്രളയം ട്രഷറിയുടെ ചുറ്റുമതിലും ടൈലുമല്ലാതെ മറ്റൊന്നും കേട് വരുത്തിയിരുന്നില്ല. കോൺക്രീറ്റ് പൈലുകളാൽ നിർമിച്ച കെട്ടിടത്തിന്റെ സ്ട്രക്ചറിന് കേടുപാട് സംഭവിച്ചിട്ടില്ലെന്നും ചെറിയ കേടുപാടുകൾ ലളിതമായി പരിഹരിക്കാനാകുമെന്നും ബി.എസ്.എൻ.എൽ സൂപ്രണ്ടിങ് എൻജിനീയർ ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത് അനുകൂല ഘടകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

