മേൽക്കൂര പൊളിഞ്ഞുവീണ സംഭവം: കൗൺസിൽ ‘പൊളിച്ച്’ മേയർ; നിലത്തുകിടന്നും കുത്തിയിരുന്നും കൗൺസിലർമാർ
text_fieldsകെട്ടിടങ്ങൾ പൊളിക്കുന്ന വിഷയത്തിൽ തൃശൂർ കോർപറേഷൻ ഓഫിസിൽ ചേർന്ന അടിയന്തര യോഗത്തിൽ ചർച്ച മുഴുവനാക്കാതെ ഇറങ്ങിപ്പോയ മേയർ എം.കെ. വർഗീസിനെഓഫിസിന് മുന്നിൽ തടഞ്ഞ് ബി.ജെ.പി, കോൺഗ്രസ് കൗൺസിലർമാർ കുത്തിയിരുന്നുംകിടന്നും പ്രതിഷേധിച്ചപ്പോൾ (ടി.എച്ച്. ജദീർ)
തൃശൂർ: അയ്യന്തോൾ കോർപറേഷൻ കെട്ടിടം പൊളിഞ്ഞതുമായി ബന്ധപ്പെട്ട അടിയന്തര കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങൾ. ചൊവ്വാഴ്ച വൈകുന്നേരം നാലിന് ചേർന്ന അടിയന്തര കൗൺസിലിൽ നഗരത്തിലെ തകർന്നുവീഴാറായ കെട്ടിടങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച് സൂപ്രണ്ടിങ് എൻജിനീയറോട് കൗൺസിലർമാർ സംശയനിവാരണം നടത്തുന്നതിനിടെ കൃത്യം അഞ്ചിന് യോഗം പിരിച്ചുവിട്ട് മേയർ.
അടിയന്തര കൗൺസിൽ യോഗം മേയർ മനഃപൂർവം പൊളിച്ചു എന്നാരോപിച്ച് കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാർ മേയറുടെ ഓഫിസിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. ഒടുവിൽ പൊലീസെത്തി പ്രതിഷേധക്കാരെ ഒഴിവാക്കിയാണ് വൈകുന്നേരം ആറോടെ മേയർക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. മേയറും പൊലീസുമായി പ്രതിപക്ഷ കൗൺസിലർമാർ വാക്കുതർക്കവുമുണ്ടായി.
സ്വരാജ് റൗണ്ടിലെ സ്വകാര്യ കെട്ടിടം പൊളിച്ചത് കെട്ടിട ഉടമയുടെ അഭ്യർഥന മാനിച്ചാണെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ വർഗീസ് കണ്ടംകുളത്തി പറഞ്ഞു. കെട്ടിടം പൊളിക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് ഉടമ കോർപറേഷന് കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, കൗൺസിലർ ജോൺ ഡാനിയൽ എന്നിവർ കെട്ടിടം പൊളിക്കലിലെ അവ്യക്തത സംബന്ധിച്ച് സംസാരിച്ചു.
കൗൺസിലർമാരുടെ സംശയങ്ങൾക്ക് സൂപ്രണ്ടിങ് എൻജിനീയർ മറുപടി നൽകവേയാണ് മേയർ കൗൺസിൽ അവസാനിപ്പിച്ചതായി പറഞ്ഞ് സ്ഥലംവിട്ടത്. അതേസമയം, എം.ഒ റോഡിലെ മുനിസിപ്പൽ കെട്ടിടത്തിന്റെ മേൽക്കൂര കാറ്റിൽ പൊളിഞ്ഞുവീണത് സംബന്ധിച്ച് അടുത്ത കൗൺസിലിൽ അന്വേഷണ റിപ്പോർട്ട് വെക്കുമെന്നും ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും മേയർ അറിയിച്ചു.
പലതവണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും മുൻ കൗൺസിലുകളുടെ മിനുട്സ് ലഭ്യമാകുന്നില്ലെന്ന് ചേലക്കോട്ടുകര വാർഡ് കൗൺസിലർ മേഴ്സി അജി പരാതിപ്പെട്ടു. തന്റെ ഡിവിഷനിലെ ലക്ഷ്മി മീറ്റ്സ് എന്ന സ്ഥാപനം അടച്ചുപൂട്ടാൻ കോർപറേഷൻ ഉത്തരവിട്ടിട്ടും പ്രവർത്തിക്കുന്നു. സി.എസ്.ഐ ചർച്ചിന്റെ തൊട്ടടുത്താണ് ലൈസൻസ് ഇല്ലാത്ത ഇറച്ചിക്കട. പള്ളീലച്ചനടക്കം മേയറോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് മേഴ്സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

