തെരുവുനായ പ്രശ്‌നത്തിന് പരിഹാരം മനുഷ്യത്വത്തിലൂന്നി -മന്ത്രി ബിന്ദു കൃഷ്ണ
text_fieldsതെരുവുനായ പ്രശ്‌നത്തിന് പരിഹാരം തേടിയുള്ള ശില്‍പശാല മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: തെരുവുനായ പ്രശ്‌നത്തിനും പേവിഷബാധക്കും ശാശ്വത പരിഹാരം കാണാന്‍ വികാരപരമായ പ്രതികരണങ്ങള്‍ക്കപ്പുറം ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനം അനിവാര്യമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ‘കേരളത്തിലെ സുസ്ഥിര തെരുവുനായ ജനസംഖ്യാ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും’ വിഷയത്തില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ എന്നിവ സംയുക്തമായി മണ്ണുത്തി വി.കെ.ഐ.ഡി.എഫ്.ടി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മൃഗങ്ങളുടെയും മനുഷ്യന്റെയും ആരോഗ്യവും പരിസ്ഥിതിയും ഒരുമിച്ച് പരിഗണിക്കുന്ന ‘വണ്‍ ഹെല്‍ത്ത്’ സമീപനത്തിലൂടെ മൃഗസംരക്ഷണ-ആരോഗ്യ-തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ. വളര്‍ത്തുനായകളുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സിങ്, മൈക്രോചിപ്പിങ്, വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവ കാര്യക്ഷമമാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ ഏകീകൃത ഡിജിറ്റല്‍ പെറ്റ് മാനേജ്‌മെന്റ് സംവിധാനം വികസിപ്പിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും.
ശാസ്ത്രീയ വന്ധ്യംകരണവും കൂട്ടത്തോടെയുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പും തുടര്‍ച്ചയായി നടത്തി 2030ഓടെ പേവിഷബാധ മൂലമുള്ള മനുഷ്യമരണങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയെന്ന ദേശീയ ലക്ഷ്യത്തിലേക്ക് കേരളം എത്തണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ അക്കര അധ്യക്ഷത വഹിച്ചു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. കെ.എസ്. അനില്‍ ആമുഖ പ്രസംഗം നടത്തി. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. സിന്ധു, സര്‍വകലാശാല ഡയറക്ടര്‍ ഓഫ് അക്കാദമിക്‌സ് ആന്‍ഡ് റിസര്‍ച്ച് പ്രഫ. ഡോ. സി. ലത, വെറ്ററിനറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.ആര്‍. ബിനു പ്രശാന്ത്, ഡോ. ടി.എസ്. രാജീവ് എന്നിവര്‍ സംസാരിച്ചു. ഡോ. സാബിന്‍ ജോര്‍ജ് സ്വാഗതവും അഹമ്മദ് പുന്നക്കല്‍ നന്ദിയും പറഞ്ഞു.
ഡോ. ഷിബു സൈമണ്‍, ഡോ. വിനോദ് കുമാര്‍ കെ, ഡോ. ഡി. സഞ്ജയ്, ഡോ. കെ.വി. ജയ, ഡോ. ആര്‍. വേണുഗോപാല്‍, ഡോ. വി.കെ.പി. മോഹന്‍കുമാര്‍, ഡോ. ലീന പോള്‍, പ്രീതി ശ്രീവത്സന്‍ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. അടാട്ട് മാതൃക (സാന്‍ജോ സാബു), സര്‍വകലാശാലയുടെ ഷാര്‍പ്പ് പദ്ധതി, കോഴിക്കോട് കോര്‍പറേഷന്റെ എ.ബി.സി. മാതൃക (ഡോ. വി.എസ്. ശ്രീഷ്മ) തുടങ്ങിയ വിജയകരമായ മാതൃകകളും അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സുസ്ഥിര തെരുവുനായ നിയന്ത്രണത്തിനായുള്ള ഔദ്യോഗിക ശിപാര്‍ശകള്‍ ക്രോഡീകരിച്ച് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

