തെരുവുനായ് ആക്രമണം; രണ്ടുപേർക്ക് പരിക്ക്
text_fieldsപെരുമ്പിലാവ്: പെരുമ്പിലാവ് ജങ്ഷനിലെ കടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ രണ്ടുപേരെ തെരുവുനായ് ആക്രമിച്ചു. പുത്തംകുളം ചെറുവത്തൂർ പ്രകാശ് (17), ആലുംതൈ നടക്കാവിൽ വിജയന്റെ മകൻ വിനീഷ് (33) എന്നിവർക്കാണ് കടിയേറ്റത്. ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. റോഡിലൂടെ നടന്നുപോകവേ നായ് ആക്രമിക്കുകയായിരുന്നു. നായെ കൈകൊണ്ട് തടഞ്ഞതോടെ പ്രകാശന്റെ കൈപ്പത്തിക്ക് കടിയേറ്റു.
നാട്ടുകാർ ഓടിയെത്തി ബഹളംവെച്ചതോടെയാണ് നായ് കൈപ്പത്തിയിൽനിന്ന് പിടിവിട്ടത്. വിനീഷിന് കാലിലാണ് കടിയേറ്റത്.
ഇരുവരെയും തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേഖലയിൽ നായ്ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

