കലാകിരീടം കാത്ത് സാംസ്കാരിക നഗരി; ഇത് താരങ്ങൾ ഉദിച്ചുയർന്ന തട്ടകം
text_fieldsതൃശൂർ: കൗമാര കേരളത്തിന്റെ കലാമാമാങ്കത്തിന് സാംസ്കാരിക തലസ്ഥാനം വേദിയാകുമ്പോൾ, അത് ചരിത്രത്തിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് കൂടിയാണ്. കലയുടെ തറവാടായ തൃശൂർ, കേരളത്തിന് സമ്മാനിച്ച പ്രതിഭകളുടെ നീണ്ട നിരതന്നെ നമുക്ക് മുന്നിലുണ്ട്. വെള്ളിത്തിരയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലും തിളങ്ങിനിൽക്കുന്ന അനേകം നക്ഷത്രങ്ങളെ വാർത്തെടുത്ത കളരിയാണ് തൃശൂരിന്റെ ഈ മണ്ണ്.
സ്കൂൾ കലോത്സവങ്ങളുടെ ചരിത്രം പറയുമ്പോൾ ഒഴിവാക്കാനാവാത്ത പേരാണ് മഞ്ജു വാര്യരുടേത്. കലോത്സവ വേദികൾ എന്നും തൃശൂരിന് അഭിമാന നിമിഷങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. അതിൽ എക്കാലത്തെയും വലിയ ഉദാഹരണമാണ് മലയാളത്തിന്റെ ‘ലേഡി സൂപ്പർസ്റ്റാർ’ മഞ്ജു വാര്യർ. കലോത്സവ വേദിയിൽനിന്ന് വെള്ളിത്തിരയിലേക്ക് ചുവടുവെച്ച്, പിന്നീട് മലയാളികളുടെ ഹൃദയം കീഴടക്കിയ മഞ്ജു, തൃശൂരിന്റെ കലാപാരമ്പര്യത്തിന്റെ എക്കാലത്തെയും വലിയ അടയാളപ്പെടുത്തലാണ്.
രണ്ടുവർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലക പട്ടം ചൂടിയ ആ പെൺകുട്ടിയിലൂടെയാണ് കലോത്സവം എന്നത് കേവലമൊരു മത്സരത്തിനപ്പുറം, വലിയൊരു ഭാവിയുടെ തുടക്കമാണെന്ന് കേരളം തിരിച്ചറിഞ്ഞത്. ഇന്നും കലോത്സവ വേദിയിൽ ചിലങ്കയണിയുന്ന ഓരോ പെൺകുട്ടിയുടെയും മനസ്സിലെ റോൾ മോഡൽ മഞ്ജു എന്ന തൃശൂരുകാരി തന്നെയാണ്.
കലയെന്നത് കേവലം നൃത്തച്ചുവടുകൾ മാത്രമല്ലെന്നും, അത് സാമൂഹിക ബോധത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണെന്നും തെളിയിച്ച വ്യക്തിത്വമാണ് മന്ത്രി ഡോ. ആർ. ബിന്ദു. ഇരിങ്ങാലക്കുടയുടെ മണ്ണിൽനിന്ന്, ശ്രീ കേരളവർമ കോളജിന്റെ കലാലയ രാഷ്ട്രീയത്തിലൂടെയും അധ്യാപനത്തിലൂടെയും വളർന്ന അവർ, തൃശൂരിന്റെ സാംസ്കാരിക മുഖം കൂടിയാണ്. കലയും ചിന്തയും ഒത്തുചേരുന്ന തൃശൂരിന്റെ പാരമ്പര്യത്തെയാണ് അവർ പ്രതിനിധീകരിക്കുന്നത്.
തൃശൂരിന്റെ കലാഭൂപടം വികസിപ്പിച്ചുകൊണ്ട് മലയാള സിനിമക്ക് പകരം വെക്കാനില്ലാത്ത പ്രതിഭകളെ നൽകിയ മണ്ണാണിത്. ചിരിയുടെയും ചിന്തയുടെയും മാലപ്പടക്കം തീർത്ത ഇന്നസെന്റ് എന്ന അനശ്വര നടൻ ഇരിങ്ങാലക്കുടയുടെ സംഭാവനയാണ്. വടക്കാഞ്ചേരിയുടെ മരുമകളായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ കെ.പി.എ.സി ലളിത, സംവിധാന കലയിലെ വിസ്മയം ഭരതൻ തുടങ്ങിയവർ ഈ ജില്ലയുടെ കലാപാരമ്പര്യത്തിന്റെ പൊൻതൂവലുകളാണ്.
പഴയ തലമുറയിൽ മാത്രം ഒതുങ്ങുന്നില്ല ആ പട്ടിക. യുവതയുടെ ഹരമായി മാറിയ ടൊവിനോ തോമസ് എന്ന ഇരിങ്ങാലക്കുടക്കാരനും, തൃശൂർ ശൈലിയിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന ബിജു മേനോനും ഈ മണ്ണിന്റെ സംഭാവനകളാണ്.
സാഹിത്യത്തിൽ സാറാ ജോസഫിനെപ്പോലുള്ള എഴുത്തുകാരികളും തൃശൂരിന്റെ സാംസ്കാരിക അന്തരീക്ഷത്തിൽ നിന്നാണ് ഊർജം ഉൾക്കൊണ്ടത്. പെരുമ്പറ കൊട്ടുന്ന മേള പ്രമാണിമാർ മുതൽ വെള്ളിത്തിരയിലെ താരരാജാക്കന്മാർ വരെ പിറവിയെടുത്ത ഈ മണ്ണിൽ കലോത്സവം നടക്കുമ്പോൾ, അത് പുതിയൊരു ചരിത്രനിയോഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

