അമീബിക് മസ്തിഷ്ക ജ്വരം; ബാക്ടീരിയയെ പൂർണമായി ഇല്ലായ്മ ചെയ്യുന്ന സംരംഭവുമായി സ്റ്റാർട്ട് അപ്
text_fieldsജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം
തൃശൂർ: അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന ഭീതിദ സാഹചര്യത്തിൽ ജലാശയങ്ങൾ ശുദ്ധീകരിക്കുകയും രോഗകാരിയായ ബാക്ടീരിയയെ പൂർണമായി നശിപ്പിക്കുകയും ചെയ്യുന്ന സംരംഭവുമായി തൃശൂർ കേന്ദ്രമായുള്ള സ്റ്റാർട്ടപ്. രണ്ടു പതിറ്റാണ്ടോളമായി ജലശുദ്ധീകരണ മേഖലയിൽ പ്രവർത്തിക്കുന്ന കെ.വി. സുനിൽ ആണ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. സുനിലിന്റെ നേതൃത്വത്തിൽ പുഴക്കൽ കേന്ദ്രമായുള്ള ബയോസ്വിം ടെക് ഇന്നവേഷൻ എന്ന സ്ഥാപനമാണ് ആക്ടോസ് എന്ന സാങ്കേതികവിദ്യ സ്റ്റാർട്ടപ് മിഷന്റെ സഹകരണത്തോടെ വികസിപ്പിച്ചത്.
കെ.വി. സുനിൽ
പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (പി.എം.എ) എന്നറിയപ്പെടുന്ന അപൂർവവും മാരകവുമായ ബ്രെയിൻ ഈറ്റിങ് അമീബയെ സമ്പൂർണമായി ഉന്മൂലനം ചെയ്യാൻ ആക്ടോസ് സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് സുനിൽ പറഞ്ഞു. മുംബൈയിലെ അയൺ എക്സ്ചേഞ്ച് ലിമിറ്റഡിൽ പ്രവർത്തിച്ച ശേഷമാണ് സുനിൽ കേരളത്തിൽ എത്തുന്നത്. കേരളത്തിൽ നൂറിലധികം സ്വിമ്മിങ് പൂളുകളിലും വാട്ടർ തീം പാർക്കുകളിലും ജലശുദ്ധീകരണത്തിനായി ഈ സാങ്കേതിക വിദ്യ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തനം. ഒരു സ്വിമ്മിങ് പൂളിൽ സ്ഥാപിക്കുന്നതിന് ശരാശരി 1-1.5 ലക്ഷം രൂപയാണ് ചെലവ്.
ബാക്ടീരിയ അടക്കം സൂക്ഷ്മജീവികളെ പൂർണമായി ആക്ടോസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉന്മൂലനം ചെയ്യാൻ സാധിക്കുമെന്ന് വിവിധ സർക്കാർ ലാബുകളിൽ അടക്കം നടത്തിയ പരിശോധനയിൽ വ്യക്തമായതായും സുനിൽ പറഞ്ഞു. ഇ കോളി ബാക്ടീരിയ അടക്കം മുഴുവൻ സൂക്ഷ്മജീവികളെയും ആക്ടോസ് ഉപയോഗിച്ച് ഇല്ലാതാക്കാം. കുടിവെള്ളത്തിനായി ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ജലശുദ്ധീകരണത്തിനുള്ള ഗവേഷണങ്ങൾക്കിടയിൽ നടത്തിയ ഈ കണ്ടുപിടിത്തം അമീബിക് മസ്തിഷ്ക ജ്വരം തടയാനും ഉപയോഗിക്കാമെന്ന് വ്യക്തമാകുകയായിരുന്നു. സ്വിമ്മിങ് പൂളിലേക്ക് ചെറിയ പൈപ്പ് വഴി ഗ്യാസ് ആയാണ് നൽകുന്നത്. നിലവിൽ ശുചീകരണത്തിന് ഉപയോഗിക്കുന്ന ക്ലോറിന് പാർശ്വഫലങ്ങൾ ഉണ്ടെന്നും ആക്ടോസിന് ഇതില്ലെന്നും സുനിൽ പറഞ്ഞു.
നൈഗലേറിയ ഫൗളേറി എന്ന അമീബ സാധാരണയായി മലിനജലത്തിലൂടെ മൂക്കിലൂടെ മസ്തിഷ്കത്തിലെത്തുകയും അങ്ങിനെ മരണത്തിന് കാരണമാകുകയുമാണ് ചെയ്യുന്നത്. ആയതുകൊണ്ട് തന്നെ ജലാശയങ്ങളെ സമ്പൂർണമായി ശുദ്ധീകരിക്കുകയാണ് രോഗം പടരാതിരിക്കാനായി ചെയ്യേണ്ടതെന്നും സുനിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

