പിടിക്കാൻ ആളില്ല, സംരക്ഷിക്കാൻ വകുപ്പുമില്ലെന്ന് കോർപറേഷൻ; പേപ്പട്ടി അലഞ്ഞുതിരിയുന്നു...ഭീതിയിൽ ജനം
text_fieldsതൃശൂർ: വായിൽനിന്ന് നുരയും പതയും വന്ന് പേ വിഷബാധ സംശയിച്ച പട്ടി ദിവസങ്ങളായി അലഞ്ഞുതിരിഞ്ഞിട്ടും നടപടിയെടുക്കാതെ കോർപറേഷൻ. കോർപറേഷന്‍റെ കുരിയച്ചിറ മാലിന്യ പ്ലാന്റിലും സമീപ പ്രദേശങ്ങളിലുമായി ദിവസങ്ങളായി അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടങ്ങളിലൊന്നാണ് വായിൽനിന്ന് നുരയും പതയും വന്ന് പേ വിഷബാധ സംശയിക്കുന്ന നിലയിൽ നടക്കുന്നത്.
ഏറെ തിരക്കേറിയ മേഖലകളിലൊന്നാണ് കുരിയച്ചിറ. ഇവിടെയാണ് നായ്ക്കൂട്ടം ജനങ്ങളെ ഭീതിയിലാക്കി വിലസുന്നത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് കൗൺസിലർ സിന്ധു ആന്റോ ചാക്കോള കോർപറേഷൻ വെറ്ററിനറി സർജനെയും മേയറെയും വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. നായ്ക്കളെ പിടികൂടാനുള്ള ആളുകളില്ലെന്നും പേ വിഷബാധയുള്ള നായ്ക്കളെ പിടികൂടി സംരക്ഷിക്കാൻ വകുപ്പില്ലെന്നുമായിരുന്നു വെറ്ററിനറി ഡോക്ടറും മേയറും പറഞ്ഞതെന്ന് കൗൺസിലർ സിന്ധു പറഞ്ഞു.
ഇതോടെ ഡിവിഷനിലെ ജനങ്ങളുമായി ബന്ധപ്പെടുന്നതിന് തയാറാക്കിയ സമൂഹമാധ്യമ ഗ്രൂപ്പിൽ കൗൺസിലർ വിവരം പങ്കുവെച്ചു. തൃശൂർ നഗരത്തിൽ തെരുവ്നായ് ശല്യം രൂക്ഷമായിരിക്കുകയാണ്. കോർപറേഷൻ കെട്ടിടങ്ങളിലടക്കം വന്ധീകരിച്ച തെരുവുപട്ടി പ്രസവിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
തെരുവുനായ് വന്ധീകരണം ഫലപ്രദമായില്ലെന്നും ഇതിന്റെ പേരിൽ പണം എഴുതിയെടുക്കുകയായിരുന്നുവെന്നും പ്രതിപക്ഷം കൗൺസിലിൽ വിമർശനമുന്നയിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തെരുവുനായ് ആക്രമണത്തിന് നഷ്ടപരിഹാരം കൊടുക്കേണ്ടിവന്ന തദ്ദേശ സ്ഥാപനങ്ങളിലൊന്ന് കോർപറേഷനാണ്.
കോർപറേഷന്റെ എ.ബി.സി സെന്റർ അടച്ചുപൂട്ടിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും തെരുവുനായ് നിയന്ത്രണത്തിന് ഇതുവരെയും നടപടിയെടുക്കാത്തതിൽ വലിയ പ്രതിഷേധത്തിലാണ് ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

