വനംവകുപ്പിന്റെ പ്രവർത്തനങ്ങളിൽ ചിലർ പ്രകോപനം സൃഷ്ടിക്കുന്നു -മന്ത്രി
text_fieldsഅരൂർമുഴിയിൽ നടന്ന വനസൗഹൃദ സദസ്സ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
അതിരപ്പിള്ളി: വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ വിവിധ സംഘടനകൾ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് വനം - വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ. അതിരപ്പിള്ളിയിൽ വനസൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങളെ വൈകാരികമായി പ്രകോപിതരാക്കാനും പ്രതിഷേധങ്ങൾക്ക് വഴിതെളിക്കാനും ഇക്കാലത്ത് ഏറെ എളുപ്പമാണ്.
അരിക്കൊമ്പൻ എന്ന ആനയെ ഒറ്റ ദിവസം കൊണ്ട് കൂട്ടിലടക്കാനുള്ള ശ്രമമല്ല വനം വകുപ്പ് നടത്തിയത്. 14 ദിവസത്തോളം ആനയെ കാട് കയറ്റിവിടാനാണ് ശ്രമിച്ചത്. എന്നാൽ, ചിന്നക്കനാലിൽ സംഹാരതാണ്ഡവമാടിയ ആനയെ പിടികൂടി വെടിവെച്ച് കൊന്ന് ആഹാരമാക്കാൻ ശ്രമിച്ചതുപോലെയാണ് ചില സംഘടനകൾ പ്രതികരിക്കുന്നത്.
ആനയെ കാട്ടിൽ കയറ്റിവിടാൻ ഏതെല്ലാം മാർഗങ്ങൾ ഉപയോഗിക്കാൻ കഴിയുമോ അതെല്ലാം ശ്രമിച്ച ശേഷം ജനരോഷം ശക്തമായതോടെയാണ് മയക്കുവെടി വെക്കാൻ തീരുമാനിച്ചത്. ഇതിൽ എവിടെയാണ് സർക്കാരിന് പിഴവ് സംഭവിച്ചതെന്ന് ആനപ്രേമികളായ സംഘടനകൾ പറയണം.
അരിക്കൊമ്പൻ വിഷയത്തിൽ മുഖ്യമന്ത്രിയുമായും വനം വകുപ്പ് മേധാവികളുമായും കൂടിയാലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
ബെന്നി ബെഹനാൻ എം.പി, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമടത്തിൽ, ഫോറസ്റ്റ്സ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രമോദ് ജി. കൃഷ്ണൻ, തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കെ.ആർ. അനൂപ്, വാഴച്ചാൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ആർ. ലക്ഷ്മി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനാതിർത്തി പ്രദേശങ്ങളിലെ വനസൗഹൃദ ജീവിതത്തിനായി സർക്കാർ ഒരുക്കുന്ന കർമപരിപാടിയാണ് വനസൗഹൃദ സദസ്സ്.
വന സൗഹൃദ ചർച്ച: ഉദ്യോഗസ്ഥതല പരാതികളിൽ 15 ദിവസത്തിനകം പരിഹാരം
അതിരപ്പിള്ളി: സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനസൗഹൃദ സദസിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ വനസൗഹൃദചർച്ച നടന്നു. പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ. രാധകൃഷ്ണനും പങ്കെടുത്തു.
വന്യജീവി ആക്രമണം, പട്ടയം ലഭ്യമാക്കൽ, വന്യജീവി പ്രതിരോധ മാർഗങ്ങൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. ഉദ്യോഗസ്ഥർ, വകുപ്പ്, സർക്കാർ എന്നീ തലങ്ങളിൽ തീർപ്പാക്കാൻ പറ്റുന്ന പരാതികളാണ് വന്നതെന്ന് തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കെ.ആർ. അനൂപ് പറഞ്ഞു.
നഷ്ടപരിഹാരം നൽകൽ, ശമ്പളം ലഭ്യമാക്കൽ, റോഡ് നിർമാണത്തിനുള്ള അനുവാദം, മരങ്ങൾ മുറിച്ചു മാറ്റലും ചില്ലകൾ വെട്ടിയൊതുക്കലും തുടങ്ങിയ ഉദ്യോഗസ്ഥ തലത്തിൽ തീർപ്പാക്കേണ്ട വിഷയങ്ങളിലെ പരാതികൾ 15 ദിവസത്തിനകം തീർപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബാക്കി പരാതികൾ രണ്ട് മാസത്തിനകം തീർപ്പാക്കും. വന്യജീവി സംഘർഷത്തിന് പരിഹാരമേകുന്ന പദ്ധതി സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ട്. പദ്ധതി വന്നാൽ മേഖലയിലെ മനുഷ്യ - വന്യജീവി സംഘർഷത്തിന് പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

