സോളാർ സുരക്ഷവേലി പ്രവർത്തന രഹിതം; കാക്കിനിക്കാട് ആദിവാസി കുടുംബങ്ങൾ ആശങ്കയിൽ
text_fieldsവാഴാനി സോളാർ
വേലിക്കരികെ യുവാവ്
വടക്കാഞ്ചേരി: ചിങ്ങമാസം പിറക്കുന്നതോടെ ഓണാരവം മുഴങ്ങുമെങ്കിലും കാക്കിനിക്കാട് ആദിവാസി കോളനിയിൽ കാട്ടാനപ്പേടിയിൽ നിരാശ മാത്രം. വന വിഭവങ്ങൾ ശേഖരിച്ച് ഉപജീവനം തേടിയിരുന്ന ആദിവാസി കുടുംബങ്ങളാണ് കാട്ടാന പേടിയിൽ ആശങ്കയിലാകുന്നത്.
വർഷകാലത്ത് ഔഷധമേന്മയുള്ള നാഗദന്ധി, ഒരുല, കുറുന്തോട്ടി, തേൻ എന്നിവ ശേഖരിച്ച് വിറ്റഴിച്ച് ജീവിതം പച്ചപിടിക്കുന്ന വേളയിലാണ് സുരക്ഷാവേലി പ്രവർത്തന രഹിതമെന്ന വിവരം ആദിവാസികൾ അറിയുന്നത്. കാട്ടാന പേടിയിൽ ഈ മേഖലയിൽ ഒട്ടേറെ പ്രതിഷേധങ്ങൾ അലയടിച്ചപ്പോൾ, ജനപ്രതിനിധികൾ ഇടപെട്ട് കോളനിക്ക് ചുറ്റും ഒന്നര കിലോ മീറ്ററോളം സുരക്ഷാവേലി നിർമിച്ച് പരിരക്ഷ നൽകിയെങ്കിലും അധികൃതർ പരിശോധന നടത്തിയപ്പോഴാണ് പ്രവർത്തനരഹിതമാണെന്ന് മനസ്സിലായത്.
ഇടക്കിടെ കാട്ടാനകൾ കൂട്ടത്തോടെയെത്തി ഭീതി വിതച്ചിരുന്നതിന് അറുതിയായെന്ന് കരുതി സമാധാനത്തോടെ മുന്നോട്ട് പോകുമ്പോഴാണ് സുരക്ഷാവേലി പ്രവർത്തിക്കുന്നില്ലെന്ന യാഥാർഥ്യം ആദിവാസി കുടുംബങ്ങൾ അറിയുന്നത്. പേടിച്ചുവിറച്ചാണ് രാത്രികൾ പകലാക്കുന്നതെന്ന് ആദിവാസി മൂപ്പൻ പറഞ്ഞു. പന്ത്രണ്ടോളം കുടുംബങ്ങളാണ് ആന പേടിയിൽ ആശങ്കയിലാകുന്നത്. സുരക്ഷാവേലി നിർമാണം ഏറ്റെടുത്ത കരാറുകാരൻ പ്രവർത്തിപ്പിച്ചതിന്റെ രേഖകളോ, അനുബന്ധ രേഖകളോ അധികൃതർക്ക് സമർപ്പിച്ചിട്ടില്ലെന്നും പറയുന്നു. കഴിഞ്ഞ ഓണക്കാലത്ത് വിവിധ സംഘടനകളുടെ സഹായ ഹസ്തം ലഭിച്ചെങ്കിലും ഇക്കുറി ഇതുവരെ ഒരു സംഘടനയും കാക്കിനിക്കാട് ആദിവാസി കോളനിയിലെത്തിയിട്ടില്ലെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

