പാലപ്പിള്ളി കാട്ടിൽ തിരച്ചിൽ നടത്താൻ സ്നിഫർ ഡോഗുകൾ എത്തി
text_fieldsപാലപ്പിള്ളിയിൽ കൊണ്ടുവന്ന വനം വകുപ്പിന്റെ
സ്നിഫർ ഡോഗുകളായ ജെനിയും ജൂലിയും പരിശീലകരോടൊപ്പം
ആമ്പല്ലൂർ: കാട് കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്താൻ പാലപ്പിള്ളിയിൽ സ്നിഫർ ഡോഗുകൾ എത്തി. പാലപ്പിള്ളിയിലെ വനത്തിനുള്ളിലും വനാതിർത്തികളിലും എന്തെങ്കിലും കുറ്റകൃത്യങ്ങളോ അനധികൃതമായി കാട്ടിൽ കയറി ചന്ദനത്തടികൾ, കഞ്ചാവ്, മൃഗവേട്ട എന്നിവ നടത്തിയിട്ടുണ്ടെങ്കിൽ അവയും മണത്ത് കണ്ടെത്താനാണ് പരിശീലനം നേടിയ രണ്ട് സ്നിഫർ ഡോഗുകൾ പാലപ്പിള്ളിയിൽ എത്തിയത്. വർഷങ്ങൾക്ക് മുമ്പ് ചെയ്ത കുറ്റകൃത്യങ്ങളാണെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തിരച്ചിൽ നടത്തി കണ്ടെത്താനുള്ള ശേഷിയുള്ളവയാണ് സ്നിഫർ ഡോഗുകൾ.
തേക്കടി കടുവ സങ്കേതത്തിൽ വർഷങ്ങളോളം പരിശീലനം നേടിയ വനവകുപ്പിന്റെ ജെനി, ജൂലി എന്നി രണ്ട് നായ്ക്കളാണ് പാലപ്പിള്ളിയിൽ എത്തിയത്. ജില്ലയിൽ ആദ്യമായാണ് ഇവ എത്തുന്നത്. സംസ്ഥാനത്ത് വനംവകുപ്പിന് കീഴിൽ മൂന്ന് സ്നിഫർ ഡോഗുകളാണ് ഉള്ളത്.
അതിൽ ജെർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ടതാണ് ജെനിയും ജൂലിയും. 2015ലാണ് ഇവ വനംവകുപ്പിന്റെ ഭാഗമായത്. ബി.എസ്.എഫിൽനിന്ന് പരിശീലനം നേടിയ ഡോഗ് ട്രെയിനർ കെ.ആർ. ശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്നിഫർ ഡോഗുകളെ പാലപ്പിള്ളിയിൽ എത്തിച്ചത്. ജി. രഞ്ജിത്ത്, എൻ.എസ്. സനീഷ് എന്നിവരും സഹായികളായി കൂടെയുണ്ട്.
പാലപ്പിള്ളി റേഞ്ച് ഓഫിസർ പ്രേംഷമീറിന്റെ ആവശ്യപ്രകാരമാണ് ഇവയെ കൊണ്ടുവന്നത്. ഏതെങ്കിലും കേസ് അന്വേഷണത്തിന്റെ ഭാഗമായാണോ നായ്ക്കളെ എത്തിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
വന്യമൃഗങ്ങളെ പിടികൂടാൻ ഒരുക്കിയ കെണികൾ, കാട്ടിൽ കുഴിച്ചുമൂടിയ ചന്ദനത്തടികൾ, സ്ഫോടക വസ്തുക്കൾ എന്നിവയെല്ലാം പെട്ടെന്നുതന്നെ നായ്ക്കൾക്ക് കണ്ടെത്താൻ കഴിയും. കൂടാതെ പന്നികളെ കൊന്നൊടുക്കാനുള്ള പടക്കങ്ങൾ കുഴിച്ചുമൂടിയാലും അവയെല്ലാം തിരഞ്ഞുപിടിച്ച് അറിയിക്കാനും ഇവക്കാവും.
പൊലീസിൽ ഡിവൈ.എസ്.പി റാങ്കിന് തുല്യമായി എ.സി.എഫ് റാങ്കാണ് സ്നിഫർ ഡോഗുകൾക്ക് വനം വകുപ്പ് നൽകിയിരിക്കുന്നത്. ഈ കാലയളവിൽ നിർണായകമായ 14 കേസുകൾ തെളിയിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതോടെയാണ് സ്നിഫർ ഡോഗുകൾ വനംവകുപ്പിന്റെ ഉന്നത പദവിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

